Sorry, you need to enable JavaScript to visit this website.

13 ലക്ഷം പിൻവലിക്കാനാവുന്നില്ല; അക്കൗണ്ട് മരവിപ്പിച്ച് കാഴ്ചക്കാരായി ബാങ്ക്, അക്കൗണ്ട് ഉടമ ഹൈക്കോടതിയിലേക്ക്

മലപ്പുറം - ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ പരാതി വീണ്ടും. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലായുള്ള തന്റെ 13 ലക്ഷം പിൻവലിക്കാനാവാതെ ബുദ്ധിമുട്ടുന്നത്. ഇസാഫ് ബാങ്കിലെ സേവിങ്‌സ് അക്കൗണ്ട്, ആക്‌സിസ് ബാങ്ക് അടക്കമുള്ള അക്കൗണ്ടുകൾ യാതൊരു കാരണവുമില്ലാതെ മരവിപ്പിച്ചതായി പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് സാബിത്ത് പറഞ്ഞു.
 പരാതിയുമായി ഇസാഫ് ബാങ്കിൽ ബന്ധപ്പെട്ടപ്പോൾ സംശയാസ്പദ ഇടപാടിന്റെ പേരിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് പറഞ്ഞത്. ഗുജറാത്തിൽ നിന്നുള്ള കേസിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും തങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ലെന്നുമാണ് ബാങ്ക് നൽകുന്ന വിശദീകരണം.
 ഇങ്ങനെ ആക്‌സിസ് ബാങ്ക് അടക്കം 4 അക്കൗണ്ടുകളിലായുള്ള 13 ലക്ഷം രൂപ മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. താൻ അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഒരു സുപ്രഭാതത്തിൽ ബ്ലോക്കാക്കുകയും കറണ്ട്, ബിസിനസ്സ് അക്കൗണ്ടുകൾ അടക്കം മരവിപ്പിക്കുകയും ചെയ്ത് കൃത്യമായ കാരണം ബോധിപ്പിക്കാനാകാതെ ഉപയോക്താക്കളെ വേട്ടയാടുന്ന ഈ സമീപനത്തോടെ ബാങ്കിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി അക്കൗണ്ട് ഉടമ പറഞ്ഞു. അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരെ ഉടനെ ഹൈക്കോടതിയെ സമീപിക്കുമെന്നും സാബിത് വ്യക്തമാക്കി.
 ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിലൂടെ സംസ്ഥാനത്തിനകത്തും പുറത്തുമായി നൂറുകണക്കിന് പേരാണ് തട്ടിപ്പിന് ഇരയാകുന്നത്. തങ്ങളുടെ അക്കൗണ്ടിലേക്ക് സേവനങ്ങൾക്കും മറ്റും പണമയച്ച ആളുകളുടെ പേരിൽ കേസുണ്ടെന്നും മറ്റും ചൂണ്ടിക്കാട്ടി നിരപരാധികളായ ആളുകളുടെ അക്കൗണ്ട് പൊടുന്നനെ ബ്ലോക്കാക്കുകയാണ് അധികൃതർ ചെയ്യുന്നത്. ഇത് ചോദ്യം ചെയ്ത് ബാങ്കിനെയും മറ്റും സമീപിച്ചാൽ അവർ കൈമലർത്തുകയാണ്. തങ്ങളുടെ നിക്ഷേപത്തിന് യാതൊരു സുരക്ഷയും നൽകാനാവാത്ത ബാങ്ക് നടപടിയിൽ പ്രതിഷേധിച്ച് നിരവധി പേരാണ് ബാങ്കുകളിൽനിന്ന് ഇതിനകം പണം പിൻവലിച്ചിട്ടുള്ളത്. ഏതെങ്കിലും തട്ടിപ്പു ട്രാൻസാക്ഷന്റെ പേര് പറഞ്ഞ് തങ്ങളുടെ ആകെയുള്ള സമ്പാദ്യം നഷ്ടമാകുമോ എന്ന ആധിമൂലം പലരും ബാങ്ക് നടപടികളിൽ വിശ്വാസം നഷ്ടപ്പെട്ട് കഴിയുകയാണ്. തട്ടിപ്പിന് ഇരയായ ഉപയോക്താക്കളുടെ കൂടെ നിൽക്കാനോ അവർക്ക് ആത്മവിശ്വാസം പകരാനോ അവരെ വിശ്വാസത്തിലെടുക്കാനോ മിക്ക ബാങ്കുകൾക്കും സാധിക്കുന്നില്ലെന്നും അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
 

Latest News