കോട്ടയം - അർജന്റീനയുടെ തോൽവിയിൽ മനം നൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് വീട് വിട്ട മെസിയുടെ ആരാധകന്റെ മൃതദേഹം കണ്ടെത്തി. അയർക്കുന്നം അമയന്നൂർ കൊറ്റത്തിൽ ചാണ്ടിയുടെ മകൻ ഡിനു(30)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയം ഇല്ലിക്കലിൽനിന്നാണ് ഡിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിനുവിന്റെ ഫോൺ അറുമാനുർ കടവിൽനിന്ന് കണ്ടെത്തിയിരുന്നു.
ഡിനുവിനായി മീനച്ചിലാറ്റിൽ വൻ സന്നാഹത്തോടെ തെരച്ചിൽ നടത്തിയിരുന്നു. പോലീസ് നായ മണം പിടിച്ച് ആറുമാനൂർ കടവിലേക്ക് തന്നെയാണ് ഓടിയിരുന്നത്. ഇതോടെയാണ് ഇവിടെ തെരച്ചിൽ ശക്തമാക്കിയത്.
വെള്ളിയാഴ്ച്ച പുലർച്ചെ മുതലാണ് ഡിനുവിനെ കാണാതായത്. ഇയാളുടെ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് ഡിനു ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്.
ഡിനുവിനെ കണ്ടെത്തുന്നതിനായി പുലർച്ചെയാണ് പോലീസും അഗ്‌നിശമന സേനയും മീനച്ചിലാറ്റിൽ അയർക്കുന്നത്ത്്് തെരച്ചിൽ ആരംഭിച്ചത്. അർജന്റീനയുടെ പരാജയത്തിൽ മനം നൊന്ത് വീട്ടിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ഇയാൽ പുറത്തേയ്ക്കു പോയത്. അതുകൊണ്ടു തന്നെ ഡിനു ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ നാട്ടുകാർ എത്തിച്ചേർന്നത്. തുടർന്നാണ ഇതേ രീതിയിൽ തന്നെ പോലീസ് അന്വേഷണം മുന്നോട്ടുപോയതും. എന്നാൽ, 48 മണിക്കൂറിലേറെ, മീനച്ചിലാറ്റിൽ പത്തു കിലോമീറ്ററോളം ദൂരം അഗ്‌നിശമന സേനയും നാട്ടുകാരും നിരന്തരം തെരച്ചിൽ നടത്തി.
ഡിനു നേരത്തെയും സാമാന രീതിയിൽ വീട്ടിൽ നിന്നും പുറപ്പെട്ട് പോയിരുന്നു.
നിരവധി പേരാണ് ഡിനുവിന്റെ വീട്ടിൽ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനായി എത്തുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വീട്ടിലെത്തി.