ടൊറന്റോ- കാനഡയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് വേണമെന്ന ആവശ്യവുമായി കാനഡയിലെ മലയാളി സമൂഹം. ടൊറന്റോ- കൊച്ചി വിമാനം അനുവദിക്കണമെന്ന ആവശ്യമാണ് കാംപയിനില്‍ ഉന്നയിക്കുന്നത്.
കാനഡയിലുള്ള മലയാളി ബിജു മാത്യൂസാണ് ചെയ്ഞ്ച് ഡോട്ട് ഒആര്‍ജി പ്ലാറ്റ്‌ഫോമിലൂടെ ഒപ്പ് ശേഖരണ കാംപയിന് തുടക്കമിട്ടത്. നിലവില്‍ ടൊറന്റോയില്‍ നിന്നും ന്യൂദല്‍ഹിയിലേക്കും ബംഗളൂരുവിലേക്കും മറ്റും നേരിട്ടുള്ള വിമാന സര്‍വീസുകളുണ്ട്. ഇതേപോലെ ടൊറന്റോയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാനം സാധ്യമായാല്‍ കാനഡയിലെ മലയാളികള്‍ക്കും കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്കും അത് ഏറെ ഗുണം ചെയ്യും. മാത്രമല്ല, ഏറെ പണവും സമയവും ലാഭിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ബിജു മാത്യൂസ് ഒപ്പുകള്‍ക്കായി അഭ്യര്‍ഥിച്ചുള്ള തന്റെ കുറിപ്പില്‍ പറയുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോയിംഗ് 777 വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാല്‍ ടൊറന്റോ- കൊച്ചി റൂട്ടില്‍ സര്‍വീസ് സാധ്യമാണ്. തന്റെ കാംപയിനിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ നാല് വ്യത്യസ്ത ട്രാവല്‍ ഏജന്റുമാരില്‍ നിന്ന് ലഭിച്ച വ്യത്യസ്ത ഫ്‌ളൈറ്റ് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതിവാരം കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ 400-450 കുടുംബങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് കണ്ടെത്തിയെന്നും ബിജു മാത്യൂസ് പറയുന്നു.
ഈ കണക്കുകള്‍ പ്രകാരം ടൊറോന്റോയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാന സര്‍വീസ് ലാഭകരമായിരിക്കും. മാത്രമല്ല, കാനഡയിലെത്തുന്ന മലയാളി ജനസംഖ്യയുടെ കുതിച്ചുചാട്ടം കണക്കിലെടുക്കുമ്പോള്‍ ഈ സംഖ്യ ഇനിയും കൂടാനും സാധ്യതയുണ്ട്. നിലവില്‍ കാനഡയില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഏകദേശം അഞ്ച് ലക്ഷം പേരാണ് മലയാളികള്‍.