ജിസാൻ- മലവെള്ളപ്പാച്ചിലിൽ പെട്ട സഹോദരങ്ങളെ രക്ഷിച്ച യെമനിക്ക് 2023 മോഡൽ വാഹനം സമ്മാനമായി നൽകി യുവാക്കളുടെ കുടുംബങ്ങൾ. കഴിഞ്ഞ മാസമായിരുന്നു ജിസാനിലെ പ്രളയത്തിൽ യുവസഹോദരങ്ങൾ തങ്ങളുടെ വളർത്തു മൃഗങ്ങളെ അന്വേഷിക്കുന്നതിനിടയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളത്തിനു നടുവിൽ സഹായമന്വേഷിച്ച് വിളിക്കുന്നതു കണ്ട യുവാക്കളുടെ പിതാവിന്റെ സഹോദരൻ തന്റെ വാഹനവുമെടുത്തു യുവാക്കളുടെ അരികിലെത്തി അവരെ വാഹനത്തിൽ കയറ്റി രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെടുകയായിരുന്നു. ഓടിയെത്തിയ യെമനി പൗരന് സഹോദങ്ങളായ രണ്ടു പേരെയും രക്ഷിക്കാനായെങ്കിലും അവരുടെ പിതൃസഹോദരൻ ഒഴുക്കിൽ പെട്ട് മരണമടയുകയായിരുന്നു. തങ്ങളുടെ കുടുംബത്തിലെ രണ്ട് യുവാക്കളെ സഹാസികമായി മരണത്തിൽനിന്നു രക്ഷിച്ചെടുത്ത യെമനി പൗരന് യുവാക്കളുടെ അൽ റൈഥ് ഗോത്രാംഗങ്ങളാണ് സമ്മാനമായി പുതിയ മോഡൽ ഹൈലക്‌സ് വാഹനം സമ്മാനമായി നൽകിയത്. അറേബ്യൻ സംസ്‌കാരവും എന്റെ വിശ്വാസവും മനുഷ്യത്വവും ആവശ്യപ്പെടുന്ന എളിയ പ്രവൃത്തിമാത്രമേ ഞാൻ നിർവഹിച്ചിട്ടുള്ളൂവെന്നും അതിനു സമ്മാനം ആഗ്രഹിച്ചിരുന്നില്ലെന്നും യെമനി പൗരൻ ഗോത്രപ്രമുഖർ പങ്കെടുത്ത ആദരിക്കൽ ചടങ്ങിൽ വാഹനം ഏറ്റു വാങ്ങി പ്രതികരിച്ചു. എന്നാൽ യെമനി പൗരനെ മുക്തകണ്ഠം പ്രശംസിച്ച ഗോത്രാംഗങ്ങൾ തങ്ങളുടെ ലളിതമായ സമ്മാനമാണിതെന്നും ദൈവസന്നിധിയിൽ താങ്കൾക്ക് സമ്പൂർണ പ്രതിഫലമുണ്ടാകട്ടെയെന്ന് പ്രാർത്ഥിച്ചു.
— E_M_S_S (@EmanSal11848242) April 28, 2023