Sorry, you need to enable JavaScript to visit this website.

രണ്ട് വിമാനങ്ങള്‍കൂടി ഇന്ത്യയില്‍, സൗദി ഒഴിപ്പിച്ചത് 2992 പേരെ

ജിദ്ദ- കലാപകലുഷിതമായ സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന പ്രക്രിയ അനവരതം തുടരുന്നു. പതിനൊന്നാമത്തെ ഇന്ത്യന്‍ സംഘം ഇന്നലെ ജിദ്ദയിലെത്തി. എത്തുന്നവരെ വൈകാതെ തന്നെ നാട്ടിലേക്ക് അയക്കാനുള്ള നടപടികളും തുടരുന്നു. ദല്‍ഹിയിലേക്കും ബംഗളൂരുവിലേക്കും ഇന്നലെ ഓരോ വിമാനങ്ങളെത്തി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒഴിപ്പിക്കലും തുടരുകയാണ്.
സുഡാനില്‍നിന്ന് കപ്പലുകള്‍ വഴി കിംഗ് ഫൈസല്‍ നാവിക താവളത്തിലും വിമാനങ്ങള്‍ വഴി കിംഗ് അബ്ദുല്ല വ്യോമ താവളത്തിലും എത്തുന്നവരെ ബസുകളില്‍ ഹോട്ടലുകളിലേക്ക് മാറ്റുകയാണ് സൗദി ദൗത്യസംഘം ചെയ്യുന്നത്. ജവാസാത്ത് ഡയറക്ടറേറ്റ് സൗദിയിലേക്കുള്ള പ്രവേശന നടപടികള്‍ എളുപ്പമാക്കുകയും തല്‍ക്ഷണം വിസകള്‍ അനുവദിക്കുകയും ചെയ്യുന്നു. ഹോട്ടലുകളിലാണ് താമസ സൗകര്യം. മെഡിക്കല്‍ പരിചരണങ്ങളും മറ്റ് സഹായങ്ങളും നല്‍കുന്നുണ്ട്. സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതുവരെ ഇവര്‍ക്ക് മൂന്നു നേരവും ഭക്ഷണം എത്തിക്കുന്നുണ്ട്.
ഇന്നലെ രാവിലെ വരെ സുഡാനില്‍നിന്ന് സൗദി അറേബ്യ 2,991 പേരെ ഒഴിപ്പിച്ചു. 119 പേര്‍ സൗദി പൗരന്മാരും 2,872 പേര്‍ 80 രാജ്യക്കാരുമാണ്. ഇന്നലെ രാവിലെ സൗദി നാവിക സേനാ കപ്പലില്‍ 195 പേരെ ഒഴിപ്പിച്ച് ജിദ്ദ കിംഗ് ഫൈസല്‍ നാവിക താവളത്തിലെത്തിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, ഫലസ്തീന്‍, തായ്‌ലന്റ്, മൗറിത്താനിയ, ശ്രീലങ്ക, അമേരിക്ക, പോളണ്ട്, ബ്രിട്ടന്‍, ഓസ്ട്രിയ, ഇന്തോനേഷ്യ, കാനഡ, ഇറാഖ്, ഈജിപ്ത്, ഓസ്‌ട്രേലിയ, സിറിയ എന്നീ രാജ്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
സുഡാനില്‍നിന്ന് പതിനൊന്നാമത്തെ ബാച്ച് ഇന്ത്യക്കാര്‍ വ്യോമസേന വിമാനത്തില്‍ ജിദ്ദയിലെത്തി. 135 യാത്രക്കാരാണ് സി 130-ജെ വിമാനത്തിലുള്ളത്. ഓപറേഷന്‍ കാവേരിയുടെ ചുമതലയുള്ള വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ യാത്രക്കാരെ ജിദ്ദ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇതിനകം ആയിരത്തിലേറെ ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്. പോര്‍ട്ട് സുഡാനിലെ ഇന്ത്യന്‍ കണ്‍ട്രോള്‍ റൂമില്‍ മൂവായിരത്തിലേറെ ഇന്ത്യക്കാരാണ് രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യന്‍ പൗരന്മാരെ മാത്രമല്ല, ഓവര്‍സീസ് സിറ്റിസന്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) സ്റ്റാറ്റസുള്ള ഇന്ത്യക്കാരേയും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചുവെങ്കിലും ഇവരുടെ കാര്യത്തില്‍ നടപടിക്രമത്തില്‍ താമസം വരുന്നതായി പരാതിയുണ്ട്. ഒ.സി.ഐ സ്റ്റാറ്റസുള്ള തന്റെ പിതാവ് മണിക്കൂറുകള്‍ ക്യൂ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും കപ്പലില്‍ കയറ്റിയില്ലെന്ന് ദല്‍ഹിയില്‍നിന്നുള്ള മാനസ എന്ന യുവതി ട്വിറ്ററിലൂടെ വിദേശകാര്യമന്ത്രാലയത്തോട് പരാതിപ്പെട്ടു. എന്നാല്‍ ഒ.സി.ഐ സ്റ്റാറ്റസുള്ളവരെയടക്കം കൊണ്ടുവരുമെന്ന് അധികൃതര്‍ പറഞ്ഞു.
ബംഗളൂരുവില്‍ 392 പേരാണ് ഇന്നലെ ഇറങ്ങിയത്. ദല്‍ഹിയില്‍ 362 പേരും ഇറങ്ങി. വ്യോമസേന വിമാനങ്ങളിലാണ് ഇവരെത്തിയത്. അതേസമയം, ബംഗളൂരിലെത്തിയ 25 മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. യെലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തുവിടില്ലെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചതാണ് കാരണം. വാക്‌സിന്‍ എടുക്കാത്തവര്‍ അഞ്ചുദിവസം സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ പോകണം.
ജീവനുംകൊണ്ടു നാട്ടിലേക്ക് തിരികെ എത്തിയ തങ്ങള്‍ക്ക് ഇനി ബെംഗളൂരുവില്‍ ക്വാറന്റീന്‍ ചെലവ്  താങ്ങാനുള്ള ശേഷിയില്ലെന്ന് യാത്രക്കാര്‍ അറിയിച്ചു. മുംബൈ അടക്കമുള്ള വിമാനത്താവളങ്ങളില്‍ എത്തിയവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധന ഇല്ലാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു.
സുഡാനില്‍നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ദൗത്യം ഊര്‍ജിതമായി തുടരുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ജിദ്ദയില്‍ അറിയിച്ചു. മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും നാട്ടിലെത്തിക്കുന്നതുവരെ രക്ഷാദൗത്യം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. പത്തു ദിവസം കൊണ്ട് ദൗത്യം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യ മികച്ച സഹകരണമാണ് നല്‍കുന്നതെന്നും സൗദി അധികൃതരോട് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

Latest News