തിരുവനന്തപുരം - സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം. ഷാജര്‍ ചുമതലയേറ്റു. രണ്ടു ടേം പൂര്‍ത്തിയാക്കി ചിന്ത ജെറോം സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഷാജര്‍ ചുമതലയേറ്റത്.
സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് ഷാജര്‍. എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ജോ. സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പുതിയ ഉത്തരവാദിത്തം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതിപൂര്‍വകമായി മുന്നോട്ട് പോകുമെന്നും എം. ഷാജര്‍ പറഞ്ഞു. കേളോത്ത് മുഹമ്മദ് കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: അയാന്‍ ഹാദി, അയ്‌റ എമിന്‍.
മൂന്നു വര്‍ഷമാണു കമ്മീഷന്‍ അധ്യക്ഷന്റെ കാലാവധി. ആദ്യ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് 2016 ലാണ് ചിന്ത ജെറോം യുവജനകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. സര്‍ക്കാരിന്റെ അവസാനകാലത്ത് ചിന്തക്ക് വീണ്ടും നിയമനം നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി ആറിന് ചിന്ത ജെറോം രണ്ടാം ടേം പൂര്‍ത്തിയാക്കി.