തൃശൂര്‍ - സാമ്പിള്‍ വെടിക്കെട്ടില്‍ നഗരം കുലുങ്ങി. സ്വരാജ് റൗണ്ടിലും റൗണ്ടിനു പുറത്തുമായി കാത്തുനിന്ന ജനസാഗരത്തെ ആവേശത്തിലാഴ്ത്തി തിരുവമ്പാടിയാണ് സാമ്പിള്‍ വെടിക്കെട്ടിന് ആദ്യം തീ കൊളുത്തിയത്. കുഴിമിന്നികളില്‍ തുടങ്ങി ഓലപ്പടക്കത്തിന്റെ മുരള്‍ച്ചയിലേക്ക് കടന്ന് പിന്നീട് അമിട്ടും ഗുണ്ടും കുഴിമിന്നിയും മിക്‌സ് ചെയ്ത് സെമിഫിനിഷിംഗോടെ മുണ്ടത്തിക്കോടും സതീഷും കൂട്ടരും തിരുവമ്പാടി സാമ്പിളിന്റെ ആദ്യഘട്ടം പൊട്ടിച്ചുതീര്‍ക്കുമ്പോള്‍ റൗണ്ടിലേക്ക് കയറ്റിവിടാതെ ഷൊര്‍ണൂര്‍ റോഡിലേക്കും മറ്റും മാറ്റി നിര്‍ത്തിയ ആള്‍ക്കൂട്ടം ആര്‍പ്പും ആരവങ്ങളും മുഴക്കി.
അല്‍പസമയത്തിന് ശേഷം പാറമേക്കാവ് സാമ്പിളിന് തീകൊളുത്തി. ഫയര്‍ ലൈനില്‍ നിന്നുള്ള ദൂരം കണക്കാക്കിയപ്പോള്‍ പാറമേക്കാവിന്റെ വെടിക്കെട്ട് കാണാന്‍ റൗണ്ടിലേക്ക് ആളുകളെ കയറ്റി നിര്‍ത്തിയിരുന്നു.
പരമ്പരാഗതശൈലിയും പുതിയ ശൈലിയും കൂട്ടിയിണക്കി പി.സി.വര്‍ഗീസ് ഒരുക്കിയ സാമ്പിള്‍ വെടിക്കെട്ട് റൗണ്ടില്‍ തിങ്ങിനിറഞ്ഞ വെടിക്കെട്ടു കമ്പക്കാര്‍ക്ക് കണ്ണിനും കാതിനും വിരുന്നായി.
അമിട്ടുകളില്‍ വന്ദേഭാരതും രോമാഞ്ചവും സില്‍വര്‍ ഫിഷുമടക്കം നിരവധി വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഇരുകൂട്ടരും ആകാശപ്പൂരത്തിലൊരുക്കി.
ശബ്ദതീവ്രത കുറച്ച് വര്‍ണഭംഗിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് ഇരുകൂട്ടരും സാമ്പിള്‍ വെടിക്കെട്ടൊരുക്കിയത്.
രണ്ടായിരം കിലോ വീതം പൊട്ടിക്കാനാണ് അനുമതിയുണ്ടായിരുന്നത്.
അമിട്ടുകളുടെ ആകാശവിസ്മയത്തില്‍ കെ. റെയിലും വന്ദേഭാരതും റെഡ്‌ലീഫും ഫ്‌ളാഗ് ഫ്‌ളാഷുമായി തിരുവമ്പാടി എത്തിയപ്പോള്‍ സില്‍വര്‍ഫിഷും റെഡ്‌സ്‌നേക്കും സ്‌മോക് സ്‌ക്രീനുമായി പാറമേക്കാവും തേക്കിന്‍കാടിന്റെ ആകാശം പങ്കിട്ടെടുത്തു.
ചുവന്ന ഇല കൊഴിക്കുന്ന റെഡ്‌ലീഫും തീക്കൂട്ടം മിന്നിമറയുന്ന ഫ്‌ളാഗ്ഫ്‌ളാഷും ആകാശവിസ്മയം തീര്‍ത്തു.
അക്വേറിയത്തിലെന്ന പോലെ മത്സ്യക്കൂട്ടങ്ങളെപോലെ അമിട്ടു പൊട്ടി വിരിഞ്ഞ് തത്തിക്കളിക്കുന്ന കാഴ്ചയായിരുന്നു സില്‍വര്‍ഫിഷ് അമിട്ട്. താഴേക്കു വീഴുന്ന തീനാളങ്ങള്‍ പാമ്പുപോലെ വളഞ്ഞുപുളഞ്ഞ റെഡ് സ്‌നേക്കും അത്ഭുതമായി. 10 മിനിറ്റോളം നേരം പുകയുടെ വിതാനമൊരുക്കിയ സ്‌മോക് സ്‌ക്രീന്‍ വെടിക്കെട്ട് പ്രേമികള്‍ക്ക് പുതിയ കാഴ്ചയായി.
ശക്തന്‍തമ്പുരാനും കൊട്ടാരത്തിലുള്ളവര്‍ക്കും മുന്നില്‍ നടന്നിരുന്ന കോലോത്തുംപൂരത്തിനോടനുബന്ധിച്ചാണ് സാമ്പിള്‍ വെടിക്കെട്ട് നടത്തിയിരുന്നത്. അതാണ് പിന്നീട് സാമ്പിള്‍ വെടിക്കെട്ടിലേക്ക് എത്തിയത്.
കര്‍ശന നിബന്ധനകളോടെയാണ് സാമ്പിള്‍ വെടിക്കെട്ട് നടത്തിയത്. പെസോ, പോലീസ്, ജില്ലാഭരണകൂടം എന്നിവരുടെ മാറിമാറിയുള്ള പരിശോധനകള്‍ക്കൊടുവിലാണ് ഇരുകൂട്ടരും സാമ്പിളിന് തീ കൊളുത്തിയത്.