ന്യൂഡൽഹി - തനിക്ക് വീണ്ടും മന്ത്രി സ്ഥാനം ലഭിക്കാത്തതിൽ നിരാശയില്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ ആരോഗ്യ വകുപ്പ് മന്ത്രിയുമായ കെ.കെ ശൈലജ ടീച്ചർ. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ ഒറ്റയ്ക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ പ്രവർത്തനം ആയിരുന്നെന്നും യഥാർത്ഥ ഹീറോകൾ തിരശീലയ്ക്ക് പിന്നിലുള്ളവരാണെന്നും അവർ പറഞ്ഞു. 'ഒരു സഖാവെന്ന നിലയിൽ എന്റെ ജീവിതം' എന്ന ആത്മകഥയായ 'മൈ ലൈഫ് ആസ് എ കോമ്രേഡ്' പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
കുട്ടിക്കാലത്ത് കടന്നുവന്ന അനുഭവങ്ങളും പിണറായി മന്ത്രിസഭയിൽ മന്ത്രിയായിരിക്കെ അതിജീവിക്കേണ്ടിവന്ന നിപ, കോവിഡ്, പ്രളയം ഉൾപ്പെടെയുള്ള അനുഭവങ്ങളുടെയും കുറിപ്പുകളാണ് പുസ്തകത്തിന്റെ പ്രമേയം.
ഡൽഹി കേരള ഹൗസിൽ നടന്ന ചടങ്ങിൽ ആത്മകഥ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. ജസ്റ്റിസ് കുര്യൻ ജോസഫും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും പുസ്തകത്തിന്റെ ആദ്യ കോപ്പികൾ ഏറ്റുവാങ്ങി. സി.പി.എം കേരള സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ, മുൻ കേന്ദ്രമന്ത്രിയും ഡൽഹിയിലെ കേരള സർക്കാറിന്റെ പ്രത്യേക പ്രതിനിധിയുമായ പ്രഫ. കെ.വി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.