ജിദ്ദ - കഴിഞ്ഞ കൊല്ലം സൗദിയിൽ ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 9.3 കോടിയിലേറെയായി ഉയർന്നതായി സൗദി ടൂറിസം അതോറിറ്റി വെളിപ്പെടുത്തി. ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ കഴിഞ്ഞ വർഷം 18,500 കോടിയിലേറെ റിയാൽ ചെലവഴിച്ചു. വിഷൻ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം കുറഞ്ഞ കാലയളവിനുള്ളിൽ സൗദിയിൽ ടൂറിസം മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.
വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ നിരന്തരമായ കഠിനാധ്വാനമാണ് ടൂറിസം അതോറിറ്റി നടത്തുന്നത്. ലോകമെമ്പാടും 80 ലധികം പ്രൊമോഷണനൽ പര്യടനങ്ങൾ അതോറിറ്റി നടത്തുകയും ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ഫോറങ്ങളിലും പരിപാടികളിലും പങ്കെടുക്കുകയും മുൻനിര ട്രാവൽ, ടൂറിസം കമ്പനികളുമായും സ്ഥാപനങ്ങളുമായും 500 ലേറെ കരാറുകൾ ഒപ്പുവെക്കുകയും ചെയ്തു. ലോകത്തെങ്ങുമായി 5,000 ലേറെ പങ്കാളികൾ ടൂറിസം അതോറിറ്റിക്കുണ്ട്.
സമീപ കാലത്ത് ആരംഭിച്ച ഏകീകൃത ഔദ്യോഗിക പ്ലാറ്റ്‌ഫോം ആയ നുസുക് വിദേശങ്ങളിൽ നിന്നുള്ള തീർഥാടകരുടെ സൗദിയിലേക്കുള്ള യാത്രാ നടപടികൾ പ്ലാറ്റ്‌ഫോം എളുപ്പമാക്കുന്നു. മേഖലയിലും ആഗോള തലത്തിലും ടൂറിസം ഭൂപടത്തിൽ സൗദി അറേബ്യയെ പ്രധാന കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുന്ന വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാൻ അതോറിറ്റി നിരന്തര ശ്രമങ്ങൾ നടത്തിവരികയാണ്.