ജിദ്ദ - മധ്യപൗരസ്ത്യദേശത്തെ മുൻനിര ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ നാസ് ഓഹരികൾ സ്വന്തമാക്കാൻ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റിന് ശ്രമം. നടക്കാനിടയുള്ള ഓഹരി വിൽപനയെ കുറിച്ച് ഗോൾഡ്മാൻ സാച്‌സ് ഗ്രൂപ്പ് ഫ്‌ളൈ നാസ് ഓഹരി ഉടമകൾക്ക് ഉപദേശങ്ങൾ നൽകുന്നതായി അമേരിക്കൻ വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. വിനോദ സഞ്ചാര വ്യവസായം ശക്തിപ്പെടുത്താനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനുമുള്ള ഒരു പാതയായി വ്യോമയാന മേഖലയെ സൗദി അറേബ്യ പിന്തുണക്കുന്നു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ വിമാന കമ്പനിയാകാനും ലോകത്തെ ഏറ്റവും വലിയ അഞ്ച് ബജറ്റ് വിമാന കമ്പനികളിൽ ഒന്നാകാനുമുള്ള ലക്ഷ്യത്തോടെ ഫ്‌ളൈ നാസ് പുതിയ വിമാനങ്ങൾക്കുള്ള ഓർഡറുകൾ വിപുലീകരിച്ചുവരികയാണ്.
കഴിഞ്ഞ വർഷം മികച്ച പ്രകടനം കാഴ്ചവെക്കാൻ ഫ്‌ളൈ നാസിന് സാധിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം 91 ശതമാനം തോതിൽ വർധിച്ച് 87 ലക്ഷമായി. കഴിഞ്ഞ കൊല്ലം ഫ്‌ളൈ നാസ് 66,000 സർവീസുകൾ നടത്തി. സർവീസുകളുടെ എണ്ണത്തിൽ 45 ശതമാനം വളർച്ച രേഖപ്പെടുത്തി. വിമാനങ്ങളുടെ എണ്ണം 43 ആയി ഉയർത്തിയതിലൂടെ ഫ്‌ളൈ നാസ് വിമാന സർവീസുകളിലെ സീറ്റ് ശേഷി 45 ശതമാനം തോതിലും കഴിഞ്ഞ വർഷം വർധിച്ചു.
ലോകത്തെ ഏറ്റവും മികച്ച അഞ്ചു ബജറ്റ് വിമാന കമ്പനികളിൽ ഒന്നായി മാറാനാണ് ഫ്‌ളൈ നാസ് ശ്രമിക്കുന്നത്. വ്യോമയാന വ്യവസായ മേഖലയിൽ ആഗോള തലത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാനദണ്ഡമായ സ്‌കൈ ട്രാക്‌സ് ക്ലാസിഫിക്കേഷൻ അനുസരിച്ച് ലോകത്തെ ഏറ്റവും മികച്ച പത്തു വിമാന കമ്പനികളിൽ ഒന്ന്ായി കഴിഞ്ഞ സെപ്റ്റംബറിൽ ഫ്‌ളൈ നാസ് മാറി. ചില നഗരങ്ങളിലേക്ക് സർവീസുകൾ ആരംഭിക്കാൻ വെല്ലുവിളികൾ നേരിട്ടെങ്കിലും ഗൾഫ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 16 നഗരങ്ങളിലേക്ക് പുതുതായി സർവീസുകളും 30 റൂട്ടുകളും ഫ്‌ളൈ നാസ് കഴിഞ്ഞ വർഷം ആരംഭിച്ചു. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ബജറ്റ് വിമാന കമ്പനിയായി മാറാനാണ് ഫ്‌ളൈ നാസ് ലക്ഷ്യമിടുന്നത്. പുതുതായി 250 വിമാനങ്ങൾ കൂടി വാങ്ങാൻ കമ്പനി ഡയറക്ടർ ബോർഡ് അനുമതി നൽകിയിട്ടുണ്ട്.
പുതിയ പ്രാദേശിക പദ്ധതികളിൽ ഒരു ട്രില്യൺ റിയാലിന്റെ നിക്ഷേപങ്ങൾ നടത്താൻ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ലക്ഷ്യമിടുന്നുണ്ട്. 2025 അവസാനത്തോടെ പ്രാദേശിക ഉള്ളടക്കത്തിൽ പി.ഐ.എഫിന്റെയും ഫണ്ടിനു കീഴിലെ കമ്പനികളുടെയും സംഭാവന 60 ശതമാനമായി ഉയർത്താനും ലക്ഷ്യമിടുന്നു. കോൺട്രാക്ടിംഗ് മേഖലയിലെ നാലു വൻകിട സൗദി കമ്പനികളിൽ പി.ഐ.എഫ് അടുത്തിടെ 500 കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. നിർമാണ മേഖലയിൽ സൗദി അറേബ്യ സാക്ഷ്യം വഹിക്കുന്ന വലിയ അഭിവൃദ്ധിയുമായി ഒത്തുപോകുന്ന ശക്തമായ കോൺട്രാക്ടിംഗ് കമ്പനികൾ കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടാണ് നാലു കമ്പനികളിൽ ഫണ്ട് ഭീമമായ നിക്ഷേപങ്ങൾ നടത്തിയത്.
സാമ്പത്തിക വളർച്ചയിലും വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സ്വകാര്യ മേഖലയെ പങ്കാളികളാക്കാനും ഇക്കാര്യത്തിൽ സ്വകാര്യ മേഖലയുടെ പങ്ക് വർധിപ്പിക്കാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അതീവ താൽപര്യം കാണിക്കുന്നു. 2030 ഓടെ മൊത്തം ആഭ്യന്തരോൽപാദനത്തിൽ സ്വകാര്യ മേഖലയുടെ സംഭാവന 40 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്താനാണ് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നത്.
സൗദിയിൽ നിരവധി മേഖലകളിൽ ഫണ്ട് നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. ഇതിലൂടെ ഈ മേഖലകൾ വികസിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കുന്ന മേഖലകളായി പരിവർത്തിപ്പിക്കാനുമാണ് ഉന്നമിടുന്നത്. സ്വകാര്യ മേഖലയുടെ വളർച്ചക്ക് പിന്തുണ നൽകാനും സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തോടെ നിക്ഷേപങ്ങൾ നടത്താനും നിരവധി കമ്പനികൾ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് പുതുതായി സ്ഥാപിച്ചിട്ടുണ്ട്.