മലപ്പുറം- കരിപ്പൂര്‍ വിമാനത്താവളം വഴി വീണ്ടും മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. രണ്ട് വ്യത്യസ്ത കേസുകളിലായി ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തകര്‍ത്തത്. കാന്തപുരം സ്വദേശിയായ മുഹമ്മദ് അഫ്നാസ്, പട്ടര്‍കുളം സ്വദേശി യാസിം എന്നിവരാണ് പിടിയിലായത്. സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനാണ് ഇവര്‍ ശ്രമിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം വ്യാപകമാണ്. അടുത്തിടെ സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേരാണ് പിടിയിലായത്. ഇക്കഴിഞ്ഞ ഡിസംബറില്‍ 1.884 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി ഷഹലയെ (19) വിമാനത്താവളത്തിന് പുറത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇവരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേഹപരിശോധന നടത്തിയപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ മൂന്ന് പാക്കറ്റുകളിലാക്കി വിദഗ്ദ്ധമാക്കി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്.