കാൺപൂർ - ഈദ്ഗാഹിൽ പങ്കെടുത്ത രണ്ടായിരത്തോളം പേർക്കെതിരെ യു.പി പോലീസ് കേസെടുത്തു. ഈദ് ഗാഹിൽ ആളുകളെ ഉൾക്കൊള്ളാനാകാതെ നമസ്‌കാരം റോഡിലേക്ക് നീണ്ടിരുന്നു. ഇതാണ് പോലീസ് നടപടിക്ക് ആധാരമെന്നാണ് വിവരം.
അനുവാദമില്ലാതെ റോഡിൽ ഈദ് നമസ്‌കരിച്ചതിനാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. ആളുകൾ റോഡിൽ നമസ്‌കരിക്കുന്നതിന്റെ വീഡിയോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയുടെ അടിസ്ഥാനത്തിൽ ആളുകളെ തിരിച്ചറിഞ്ഞ ശേഷം നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ബജാരിയ, ബാബു പൂർവ, ജജ്മൗ പോലീസ് സ്റ്റേഷനുകളിൽ മൂന്ന് എഫ്.ഐ.ആറുകളിലായാണ് രണ്ടായിരത്തോളം വിശ്വാസികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തെരുവിൽ പ്രാർത്ഥന നടത്തരുതെന്ന് കർശന നിർദേശം നൽകിയിരുന്നതായും പൊലീസ് പറഞ്ഞു.
എന്നാൽ, കേസ് ദുരുദ്ദേശപരമാണെന്ന് അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അംഗം മുഹമ്മദ് സുലൈമാൻ പറഞ്ഞു. ഈദ്ഗാഹിന് പുറത്തുള്ള റോഡിൽ വളരെ കുറച്ച് ആളുകൾ മാത്രമാണ് നമസ്‌കരിച്ചത്. വൈകിയെത്തിയവരും പ്രാർത്ഥന നടക്കുന്നിടത്ത് സ്ഥലം ഇല്ലാത്തതിനാലും മാത്രമാണ് കുറഞ്ഞ സമയത്തേക്ക് നിര റോഡിലേക്ക് നീണ്ടത്. മതത്തിന്റെ അടിസ്ഥാനത്തിലാണ് യു.പി പോലീസിന്റെ കരുനീക്കങ്ങളെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈദ്ഗാഹ് മാനേജ്‌മെന്റ് കമ്മിറ്റിയിലെ ചില അംഗങ്ങൾ ഉൾപ്പെടെ 1500ലേറെ പേർക്കെതിരെയാണ് ബജാരിയ പോലീസ് കേസെടുത്തത്. 300ഓളം പേർക്കെതിരെ ജാജ്മൗ പോലീസും കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ പൊതുവഴിയിൽ പ്രാർത്ഥന നടത്തിയെന്നാരോപിച്ച് ബാബു പൂർവ പോലീസ് അമ്പതിലധികം പേർക്കെതിരെയും കേസെടുത്തു.