കൊച്ചി - പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യ കൂമ്പാരത്തിലേക്ക് വീണ അതിഥി തൊഴിലാളി മരിച്ചതായി ഒരു ദിവസത്തിന് ശേഷം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ തെരച്ചിലില്‍ ഇയാളുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഓടക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് കമ്പനിയില്‍ ഇന്നലെ രാവിലെ 6.30 നാണ് സെക്യൂരിറ്റി ജീവനക്കാരനായ ബംഗാള്‍ മുര്‍ഷിബാദ് സ്വദേശി നസീര്‍ ഷെയ്ഖി (23) നെയാണ് മാലിന്യക്കുഴിയില്‍ വീണ് കാണാതായത്. വന്‍ തോതില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്ന കുഴിയിലെ താഴ്ചയിലേക്ക് നസീര്‍ വീഴുകയായിരുന്നു. മാലിന്യ കൂമ്പാരത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് വെള്ളം ചീറ്റിച്ചു അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നസീര്‍ കുഴിയിലേക്ക് പതിക്കുകയായിരുന്നു. സംഭവം കണ്ട് മറ്റൊരു അതിഥി തൊഴിലാളി വെള്ളം ചീറ്റുന്ന ഹോസ് ഇട്ടുകൊടുത്ത് നസീറിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സംഭവം നടന്ന ഉടന്‍ ഫയര്‍ ഫോഴ്‌സും പോലീസും രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും നസീറിനെ കണ്ടെത്താനായില്ല. മാലിന്യക്കുഴിയിലെ ഏറ്റവും അടിഭാഗത്തുള്ള തീച്ചുളയില്‍ അകപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. ഇന്നലെ രാത്രിയോടെ നിര്‍ത്തിവെച്ച തെരച്ചില്‍ ഇന്നും തുടര്‍ന്നപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. പട്ടിമറ്റത്തെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന നസീര്‍ ഒരാഴ്ച മുന്‍പാണ് ഓടക്കാലി യൂണിവേഴ്‌സല്‍ പ്ലൈവുഡ് കമ്പനിയില്‍ ജോലിക്കെത്തിയത്.