ഇടുക്കി - അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ചിന്നക്കനാലിലെ മുഴുവന്‍ വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശാന്തന്‍പാറയിലെ ഒന്ന് മുതല്‍ മൂന്ന് വരെ വാര്‍ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാല് മണി മുതല്‍ ദൗത്യം പൂര്‍ത്തിയാകും വരെയാണ് നിരോധനാജ്ഞ. അതേസമയം, ദൗത്യസംഘം അരിക്കൊമ്പനുള്ള സ്ഥലത്തേക്ക് എത്തിക്കഴിഞ്ഞിട്ടുണ്ട്. ദൗത്യമേഖലയായ സിമന്റ് പാലത്തിലാണ് നിലവില്‍ അരിക്കൊമ്പനുള്ളത്. കുങ്കി ആനകളെ സിമന്റ് പാലത്ത് എത്തിച്ചിട്ടുണ്ട്. ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സഖറിയ ഉള്‍പ്പെടെ നാല് ഡോക്ടേഴ്സിന്റെ സംഘമാണ് മയക്കുവെടി വയ്ക്കുന്ന സംഘത്തിലുള്ളത്. ഒന്‍പതോളം ആനകളുള്ള കൂട്ടത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. അരിക്കൊമ്പന് മയക്കുവെടി കൊണ്ടു കഴിഞ്ഞാല്‍ കൂട്ടത്തിലുള്ള മറ്റ് ആനകളും ചിതറിയോടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മയക്കുവെടി കൊണ്ടുകഴിഞ്ഞാല്‍ അഞ്ച് കി.മി ആന നിര്‍ത്താതെ ഓടാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ട് മാത്രമാണ് മയക്കുവെടി വെയ്ക്കുക