ഇടുക്കി - അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി. അരിക്കൊമ്പന്‍ ഉള്ള സ്ഥലം ദൗത്യ സംഘം കൃത്യമായി ലൊക്കേറ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. സിമന്റ് പാലത്തിന് സമീപം ഉള്‍ക്കാട്ടില്‍ മദപ്പാടുള്ള മറ്റ്് ആനകള്‍ക്കൊപ്പമാണ് അരിക്കൊമ്പനെ ലൊക്കേറ്റ് ചെയ്തിട്ടുള്ളത്. കുങ്കിയാനകളും വനം വകുപ്പ് ഉദ്യോഗസ്ഥരും അവിടേക്ക് പോയിട്ടുണ്ട്. സാഹചര്യം അനുകൂലമാകുന്ന ഉടന്‍ മയക്കുവെടി വെയ്ക്കാനാണ് തീരുമാനം. സൂര്യന്‍ ഉദിക്കുന്ന സമയത്ത് തന്നെ ഏതാണ്ട് ആറ് മണിയോടെ വെടിവെയ്ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അതിനുള്ള സാഹചര്യം ഒത്തു വരാത്തതിനാലാണ് ദൗത്യം നീളുന്നത്. സിമന്റ് പാലം പ്രദേശത്ത് വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഈ പ്രദേശത്തെ ജനങ്ങളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മയക്കു വെടി വച്ചതിനുശേഷം കുങ്കിയാനകളെ ഉപയോഗിച്ച് അരിക്കൊമ്പനെ ലോറിയില്‍ കയറ്റും. ഇതിന് മുന്‍പ് മുന്‍പ് ജിപിഎസ് കോളര്‍ ഘടിപ്പിക്കും. അരിക്കൊമ്പനെ പിടികൂടിയതിന് ശേഷം എങ്ങോട്ട് മാറ്റും എന്ന കാര്യത്തില്‍ സസ്‌പെന്‍സ് തുടരുകയാണ്. ഇക്കാര്യം ഇതുവരെ വനംവകുപ്പ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.