ജിദ്ദ-സുഡാനിൽനിന്നുള്ള ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കലിന് വേഗം കൂടുന്നു. ഇതേവരെ ഖാർത്തൂമിൽനിന്ന് ആയിരം കിലോമീറ്റർ അകലെയുള്ള പോർട്ട് സുഡാനിൽനിന്നാണ് ഒഴിപ്പിക്കൽ നടന്നിരുന്നത് എങ്കിൽ വാദി സെയ്ദ്‌നാ നാവിക കേന്ദ്രത്തിലൂടെയാണ് പുതിയ ഒഴിപ്പിക്കൽ നടക്കുന്നത്. ഇത് ഖാർത്തൂമിൽനിന്ന് 22 കിലോമീറ്റർ മാത്രം അകലെയാണ്. ഖാർത്തൂമിൽനിന്ന് പോർട്ട് സുഡാനിലേക്കുള്ള യാത്ര ഏറെ ദുഷ്‌കരമായിരുന്നു. വഴിയിലുടനീളം വൻ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. വാദി സെയ്ദ്‌നയിൽനിന്നുള്ള വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടു. 121 യാത്രക്കാരാണ് ഈ വിമാനത്തിലുള്ളത്.
നൈൽ നദിക്ക് പടിഞ്ഞാറ് 1.5 കിലോമീറ്റർ മരുഭൂമിയിലാണ് ഈ വിമാനതാവളത്തിന്റെ റൺവേ. ഖാർത്തൂമിലും പരിസരത്തും ഇപ്പോഴും നടക്കുന്ന ആക്രമണങ്ങൾക്ക് ഇടയിലൂടെയാണ് ഒഴിപ്പിക്കൽ നടക്കുന്നത്. സുഡാനിൽ പോരാടുന്ന ഇരുവിഭാഗത്തിന്റെയും അനുമതിയോടെയും സഹായത്തോടെയുമാണ് ഒഴിപ്പിക്കൽ. അതേസമയം, പ്രതിസന്ധി രൂക്ഷമായ ഖാർത്തൂമിൽനിന്ന് പോർട്ടു സുഡാനിലേക്കുള്ള 800-ലേറെ കിലോമീറ്റർ താണ്ടി എത്തുക എന്നതാണ് നിലവിൽ നേരിടുന്ന പ്രതിസന്ധി. സുഡാനിൽ 3400 പേരാണ് ഇതേവരെ ഇന്ത്യൻ എംബസിയിൽ നാട്ടിലേക്ക് തിരിച്ചുപോരാൻ രജിസ്റ്റർ ചെയ്തത്. ഇതിൽ 1400-ഓളം പേരെ ഇതോടകം ഒഴിപ്പിച്ചു. ഇന്നലെ രാത്രി വൈകി വരെ എട്ടു സംഘങ്ങളെയാണ് സുഡാനിൽനിന്ന് ഓപ്പറേഷൻ കാവേരി തുടങ്ങിയത് മുതൽ ജിദ്ദയിൽ എത്തിച്ചത്. ഇതിൽ പകുതിയിലേറെ പേരെ നാട്ടിലേക്ക് അയച്ചു. ദൽഹി, മുംബൈ എന്നിവടങ്ങളിലേക്കാണ് ജിദ്ദയിൽനിന്ന് നേരിട്ട് സർവീസ് നടത്തുന്നത്. പത്തുദിവസത്തിനകം മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യയുടെ സഹകരണത്തോടെയാണ് ഇന്ത്യ ഓപ്പറേഷൻ കാവേരി നടത്തുന്നത്. പത്തുദിവസത്തിനകം ഓപ്പറേഷൻ കാവേരി പൂർത്തിയാക്കും. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ജിദ്ദയിൽ പ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ട്. സുഡാനിൽനിന്നുള്ള ഏഴാമത്തെ സംഘത്തിൽ 135 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അതേസമയം, സുഡാനിൽ വെടിയേറ്റ് കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ സെബല്ലയും മകൾ മരീറ്റയെയും കേരളത്തിലെത്തി. ഇന്നലെ രാവിലെ ജിദ്ദയിൽനിന്നുള്ള സൗദിയ വിമാനത്തിലാണ് ഇവർ കൊച്ചിയിൽ എത്തിയത്. സുഡാനിൽനിന്ന് എയർഫോഴ്‌സ് വിമാനത്തിൽ എത്തിയ ഇവരെ ജിദ്ദ വിമാനത്താവളത്തിൽ സ്വീകരിക്കാൻ മന്ത്രി മുരളീധരൻ എത്തിയിരുന്നു. കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശിയായ ആൽബർട്ട് അഗസ്റ്റിൻ(48) വിമുക്തഭടൻ കൂടിയായിരുന്നു. ആൽബർട്ടിന് വെടിയേൽക്കുമ്പോൾ സെബല്ലയും മകൾ മരീറ്റയും തൊട്ടടുത്തുണ്ടായിരുന്നു. രണ്ടാഴ്ച മുമ്പാണ് സെബല്ലയും മരീറ്റയും അവധിക്കാലം ചെലവിടാനായി സുഡാനിലേക്ക് പോയത്. അവധിക്ക് ശേഷം മൂവരും നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ആൽബർട്ട് സുഡാനിൽ സെക്യൂരിറ്റി മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.ആൽബർട്ടിന്റെ മൃതദേഹം ഇപ്പോഴും ഖാർത്തൂമിലെ ആശുപത്രിയിലാണുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും.
വ്യാഴാഴ്ച രാവിലെ 9.30 ഓടെയാണ് ആറ് പേരടങ്ങുന്ന ആദ്യ സംഘം ദൽഹിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ എത്തിയത്. ജിദ്ദയിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഇവർ ദൽഹിയിൽ എത്തിയിരുന്നു. എറണാകുളം കാക്കനാട് സ്വദേശികളായ ബിജി ആലപ്പാട്ട്, ഭാര്യ ഷാരൂൺ ആലപ്പാട്ട്, മക്കളായ മിഷേൽ, റോഷൻ, ഡാനിയേൽ, ഇടുക്കി കല്ലാർ സ്വദേശി ജയേഷ് വേണു എന്നിവരാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത്.
കുറേ കാലമായി സമാധാനം നിലനിന്നിരുന്ന രാജ്യമായിരുന്നു സുഡാൻ എന്നും രണ്ട് സേനകളുടെ ഏറ്റുമുട്ടൽ അപ്രതീക്ഷിതമായിരുന്നുവെന്നും ബിജി ആലപ്പാട്ട് പറഞ്ഞു. ആയിരത്തോളം കിലോമീറ്ററുകൾ ബസിൽ സഞ്ചരിച്ചാണ് സുരക്ഷിത കേന്ദ്രത്തിൽ എത്തിയത്. ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എംബസി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദീർഘ ദൂരമുള്ള യാത്രക്കിടെ ഇന്ധനം നിറക്കാൻ സൗകര്യം ഇല്ലാത്തത് വൻ പ്രതിസന്ധിയാകുന്നുണ്ട്. സൈനികരും അർദ്ധ സൈനികരും തമ്മിലുള്ള വെടിവെപ്പ് ഇപ്പോഴും തുടരുന്നുണ്ടെന്നും മലയാളികൾ പറഞ്ഞു.