കാസര്‍കോട് - ഷാര്‍ജയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായിരുന്ന പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തി. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദില്‍ ഖബറടക്കിയ മൃതദേഹം ആര്‍ ഡി ഒയുടെയും ബേക്കല്‍ ഡി വൈ എസ് പി സുനില്‍കുമാറിന്റെയും നേതൃത്വത്തിലാണ് പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുല്‍ റഹ്‌മയിലെ എം.സി.അബ്ദുള്‍ ഗഫൂറിനെ കഴിഞ്ഞ പതിനാലാം തീയതിയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമാണെന്ന് ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും കരുതുകയും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് 600 പവനിലേറെ സ്വര്‍ണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. അബ്ദുള്‍ ഗഫൂറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം പോലീസില്‍ പരാതി നല്‍കിയതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഹണി ട്രാപ്പ് കേസില്‍ ഉള്‍പ്പടെ പ്രതിയായ ഒരു യുവതിക്ക് മരണത്തില്‍ പങ്കുണ്ടെന്ന സംശയവും ശക്തമായിരിക്കുകയാണ്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.