കോഴിക്കോട് - വടകരയിൽ കാണാതായ യുവാവിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വടകര അറക്കിലാട്ട് സ്വദേശി ശ്രീജേഷി(44)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച മുതലാണ് ശ്രീജേഷിനെ കാണാതായത്. പോലീസ് പറഞ്ഞിട്ടും വാഹനം നിർത്താതെ പോയതിന് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജേഷിനെ കാണാതായതെന്നാണ് പറയുന്നത്.
കള്ളുഷാപ്പിൽ കൊച്ചു കുട്ടികളെ ഇരുത്തി മുതിർന്നവരുടെ കള്ളുകുടി ആഘോഷം; ബാലാവകാശ കമ്മിഷൻ കേസെടുത്തു
ആലപ്പുഴ - കൊച്ചു കുട്ടികളുമായുള്ള മുതിർന്നവരുടെ കള്ളുകുടി ആഘോഷത്തിനെതിരേ കേസെടുത്തു. ആലപ്പുഴ ജില്ലയിലെ മീനപ്പള്ളിയിലെ കള്ളുഷാപ്പിലാണ് സംഭവം. കള്ളുകുടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഇടപെടുകയായിരുന്നു.
നിരവധി കുട്ടികളെ കള്ളുഷാപ്പിനുള്ളിൽ കൊണ്ടുപോകുകയും ഇവരുടെ മുന്നിൽ വച്ച് മുതിർന്നവർ മദ്യപിക്കുന്നതുമായ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ . കമ്മിഷൻ അധ്യക്ഷൻ കെ.വി മനോജ് കുമാർ സ്വമേധയാ കേസെടുക്കുകയാണുണ്ടായത്. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.
ഈ മാസം 22-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിനോദ സഞ്ചാരികളുടെ സംഘം ഹൗസ്‌ബോട്ട് വഴി ഷാപ്പിലെത്തുകയായിരുന്നു. ഭക്ഷണത്തിനു ശേഷം കുട്ടികളെയടക്കം ഇരുത്തിയായിരുന്നു കള്ളുകുടി ആഘോഷം. സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കെതിരെയും നടത്തിപ്പു ചുമതല വഹിച്ചിരുന്ന ആൾക്കെതിരെയും എക്‌സൈസ് കേസെടുത്തിട്ടുണ്ട്.