തിരുവനന്തപുരം - പോലീസുകാരന്റെ ഏകമകളായ 14 കാരിയുടെ ദുരൂഹ മരണം അമിത ലഹരി ഉപയോഗം മൂലമാണെന്ന് പ്രാഥമിക നിഗമനം. അമിതമായി ലഹരി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സെറിബ്രല്‍ ഹെമറേജ് ആണ് മരണ കാരണമായതെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ലഹരി സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ സിവില്‍ പോലീസ് ഓഫീസറുടെ ഏക മകളായ 14 വയസ്സുകാരിയെ ഒരാഴ്ച മുമ്പാണ് പാളയം പോലീസ് ക്വാര്‍ട്ടേഴ്‌സിലെ കിടപ്പുമുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് മ്യൂസിയം പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടി അമിത തോതില്‍ ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്.