കൊച്ചി- ലഹരി ഉപയോഗിക്കുന്ന സിനിമക്കാരെ അറിയാമെന്നും എന്നാല്‍ നടപടിയെടുക്കാനാവുന്നില്ലെന്നും പോലീസ്, എക്‌സൈസ് അധികൃതര്‍. പ്രമുഖ നടീനടന്‍മാരടക്കം പത്തോളം പേരുടെ വിവരങ്ങളാണ് എക്‌സൈസിന്റെ വിവിധ സംഘങ്ങള്‍ ശേഖരിച്ചത്. ലഹരി കടത്തില്‍ പിടിയിലാകുന്നവരില്‍നിന്നും ലഭിക്കുന്ന വിവരങ്ങളും അവരുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയുമാണ് നടീനടന്‍മാരുടെയും സിനിമാ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ എക്‌സൈസിന് ലഭിച്ചത്. സിനിമാ മേഖലയില്‍നിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാല്‍ പരിശോധന നടത്താനാകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
എറണാകുളം ജില്ലയിലുള്ളവരാണ് രാസലഹരി ഉപയോഗത്തില്‍ മുന്നിലെന്നാണ് എക്‌സൈസ് കണ്ടെത്തല്‍. സിനിമാ സെറ്റുകളില്‍ രാസലഹരി ഉപയോഗം വര്‍ധിക്കുന്നതായുള്ള ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. സിനിമയുടെ വിവിധ മേഖലകളില്‍ താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവരാണ് സെറ്റുകളിലേക്ക് ലഹരി എത്തിക്കുന്നതിലെ പ്രധാന കണ്ണിയെന്നു മനസിലായി.
കടത്തുകാരെ ചോദ്യം ചെയ്തപ്പോഴും ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴും അഭിനേതാക്കളുടെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ ലഭിച്ചു. എന്നാല്‍, സിനിമാ സംഘടനകളില്‍നിന്നും സഹകരണം ലഭിക്കാത്തതിനാല്‍ തുടരന്വേഷണം നടത്താനായില്ലെന്ന് അധികൃതര്‍ പറ?യുന്നു.