Sorry, you need to enable JavaScript to visit this website.

സൗദി തൊഴിലുകള്‍ സ്ത്രീകള്‍ കൈയടക്കുമെന്ന് സര്‍വേ

റിയാദ് - വനിതകള്‍ക്കുള്ള ഡ്രൈവിംഗ് അനുമതി സൗദി തൊഴില്‍ വിപണിയെ വലിയ തോതിലുള്ള പരിവര്‍ത്തനങ്ങളിലേക്ക് നയിക്കുമെന്ന് വിലയിരുത്തല്‍. സൗദി വനിതകളില്‍ 82 ശതമാനം പേരും ഈ വര്‍ഷം തന്നെ വാഹനമോടിച്ചു തുടങ്ങുമെന്ന് ഇതുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ഗള്‍ഫ് ടാലന്റ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. പരമ്പരാഗതമായി പുരുഷന്മാര്‍ കൈയടക്കിവെച്ച ഉന്നത തസ്തികകളിലേക്കുള്ള വനിതകളുടെ കടന്നുവരവിനും ഡ്രൈവിംഗ് അനുമതി സഹായകമാകും. വീടുകളില്‍നിന്ന് കൂടുതല്‍ ദൂരെയുള്ള സ്ഥാപനങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട വേതനമുള്ള ജോലികളിലേക്ക് മാറുന്നതിന് വനിതകളെ ഡ്രൈവിംഗ് അനുമതി സഹായിക്കും. നിലവില്‍ തൊഴില്‍രഹിതരായി കഴിയുന്ന നിരവധി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

http://malayalamnewsdaily.com/sites/default/files/filefield_paths/p2_imapct.jpg
വിഷന്‍ 2030 പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായ സ്ത്രീശാക്തീകരണത്തില്‍ പ്രധാന ഘടകമാണ് തൊഴില്‍ പുരോഗതി. തൊഴില്‍ പുരോഗതിക്കുള്ള വനിതകളുടെ അവസരം ഡ്രൈവിംഗ് അനുമതി ശ്രദ്ധേയമായ നിലയില്‍ മെച്ചപ്പെടുത്തും. ഇത് ഉന്നത തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് വനിതകള്‍ക്ക് മുന്നിലുണ്ടായിരുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുകയും ഇത്തരം തസ്തികകള്‍ വഹിക്കുന്നവര്‍ക്ക് ആവശ്യമായ സഞ്ചാര സൗകര്യം നല്‍കുകയും ചെയ്യും. വാഹനമോടിക്കാന്‍ സാധിക്കാത്തതിനാല്‍ സ്വന്തം രാജ്യത്തും വിദേശത്തുമായി ഒന്നിലധികം ഓഫീസുകളും ജീവനക്കാരുമുള്ള സ്ഥാപനങ്ങളിലെ ഉന്നത തസ്തികകള്‍ വഹിക്കുക  ദുഷ്‌കരമായിരുന്നെന്ന് ദമാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി മാനവശേഷി വിഭാഗം മാനേജര്‍ ഹാല പറഞ്ഞു. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി ലഭിച്ചതോടെ മറ്റു ഓഫീസുകളിലേക്ക് യാത്ര പോകേണ്ട ആവശ്യമുള്ള ഉന്നത തസ്തികകളില്‍ നിയമിക്കുന്നതിന് കൂടുതല്‍ വനിതകളെ പരിഗണിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് അവര്‍ പറഞ്ഞു. വാഹനമോടിക്കുന്നതിന് സാധിക്കുന്നത് ഓഫീസുകള്‍ക്കും പ്രൊജക്ട് സൈറ്റുകള്‍ക്കുമിടയില്‍ പതിവായി യാത്ര ചെയ്യേണ്ട ആവശ്യമുള്ള പ്രൊജക്ട് മാനേജര്‍ തസ്തിക വഹിക്കുന്നതിന് തന്നെ യോഗ്യയാക്കുന്നതായി ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് എന്‍ജിനീയര്‍ മയ് പറഞ്ഞു.
മറ്റു കമ്പനികളില്‍ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടുന്നതിന് ഡ്രൈവിംഗ് അനുമതി വനിതകളെ പ്രേരിപ്പിക്കും. യാത്രാ പ്രശ്‌നങ്ങള്‍ മൂലം യോഗ്യതകള്‍ക്ക് നിരക്കാത്ത വേതനത്തിലുള്ള തൊഴിലുകള്‍ സ്വീകരിക്കുന്നതിന് നേരത്തെ തങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്ന് സര്‍വേയില്‍ പങ്കെടുത്ത നിരവധി പേര്‍ അഭിപ്രായപ്പെട്ടു. വാഹനമോടിക്കുന്നതിന് സാധിക്കുന്നതോടെ വൈകാതെ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്ക് ശ്രമിക്കുമെന്ന് നിരവധി വനിതകള്‍ പറഞ്ഞു. ഓഫീസിന് പുറത്ത് ജോലി ചെയ്യേണ്ട സെയില്‍സ് ജോലി അടക്കമുള്ള തൊഴിലുകളിലേക്ക് കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് തങ്ങള്‍ക്ക് ഇപ്പോള്‍ സാധിക്കുമെന്ന് ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ മാനവശേഷി വിഭാഗം മേധാവി പറഞ്ഞു.
2020 ഓടെ സൗദിയില്‍ 30 ലക്ഷം വനിതകള്‍ വാഹനമോടിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് സൗദി വാഹന വിപണിയില്‍ ആവശ്യം ഗണ്യമായി വര്‍ധിപ്പിക്കും. ഇതിന്റെ ഫലമായി വാഹന വിപണിയില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ആയിരക്കണക്കിന് വനിതാ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് പദ്ധതിയുള്ളതായി ഓണ്‍ലൈന്‍ ടാക്‌സി കമ്പനികളായ കരീമും ഊബറും അറിയിച്ചിട്ടുണ്ട്. നിലവില്‍ സൗദി വനിതാ ജീവനക്കാരില്‍ 65 ശതമാനം പേരും സ്വന്തം ഡ്രൈവര്‍മാരെയാണ് ആശ്രയിക്കുന്നത്. 26 ശതമാനം പേര്‍ യൂബറും കരീമും ഉപയോഗിക്കുന്നു. എട്ടു ശതമാനം പേരെ കുടുംബാംഗങ്ങളാണ് തൊഴിലിടങ്ങളിലും തിരിച്ചും എത്തിക്കുന്നത്. ഒരു ശതമാനം പേര്‍ക്ക് കമ്പനികള്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നു.

 

Latest News