കോട്ടയം- മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്തെ ക്യാമറ ഇടപാടിലെ ക്രമക്കേട് സംബന്ധിച്ച റിപ്പോർട്ട് ആദ്യം പുറത്തുവിടണമെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അന്ന് പാനാസോണിക് ക്യാമറ വാങ്ങിയതിൽ ലോക്‌നാഥ് ബഹ്‌റയുടെ പങ്ക് വ്യക്തമാക്കുന്ന സി ആന്റ് എജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ മുഖ്യമന്ത്രി തയാറാകണം. ക്യാമറ കരാറിലെ തുക ഉയർത്തണമെന്ന് ബഹ്‌റ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ഇത്രയും കാലമായിട്ടും അതിൽ തുടരന്വേഷണം നടത്തുകയോ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. ഹൈക്കോടതി റിട്ട. ജഡ്ജി സി.എൻ. രാമചന്ദ്രൻ നായരും മുൻ ഡി.ജി.പി ജേക്കബ് പുന്നൂസുമാണ് അന്ന് ഇതെക്കുറിച്ച് അന്വേഷിച്ചത്. അന്വേഷണ റിപ്പോർട്ടിലെ തുടർ നടപടികൾ ജനങ്ങളെ ബോധ്യപ്പെടുത്തണം.
എ.ഐ ക്യാമറ വിവാദം വന്നപ്പോൾ പഴയത് ചൂണ്ടികാട്ടി തന്നെ കൂടി ഉൾപ്പെടുത്താൻ മന്ത്രി പി. രാജീവ് വളഞ്ഞവഴിക്ക് ശ്രമിച്ചു. അതു കൊണ്ടു സത്യം പുറത്ത് വരേണ്ടത് തന്റെ കൂടി ആവശ്യമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 10 വർഷം മുമ്പ് 40 ലക്ഷം രൂപക്ക് ക്യാമറ വാങ്ങിയെന്നാണ് മന്ത്രി ആരോപിച്ചത്. അതിനാൽ ശരിയായ അന്വേഷണം നടക്കണം. എല്ലാ ഇടപാടുകളും അന്വേഷിക്കണം. മടയിൽ കനമില്ലാത്തതിനാൽ ഭയമില്ല. പക്ഷേ വിജിലൻസ് അന്വേഷണം വേണ്ട. പോലീസിലെ ഉന്നതനെതിരെ കീഴ് ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ എന്താണ് സംഭവിക്കുകയെന്ന് എല്ലാവർക്കും അറിയാം.
എ.ഐ ക്യാമറ വിവാദത്തിലെ അന്വേഷണം പ്രഹസനമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏൽപിച്ചാൽ ഒരിക്കലും സത്യം തെളിയില്ല. ജുഡിഷ്യൽ അന്വേഷണമാണ് വേണ്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇക്കാര്യത്തിൽ കൃതൃമായ അന്വേഷണം നടത്തി സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം. അന്വേഷണ ഉദ്യോഗസ്ഥനെ ഒപ്പമിരുത്തി മന്ത്രി വാർത്താ സമ്മേളനം നടത്തുമ്പോൾ തന്നെ അന്വേഷണം എവിടെ പോകുമെന്ന് എല്ലാവർക്കും അറിയാമെന്നും തിരുവഞ്ചൂർ പറഞ്ഞു. ഇപ്പോഴത്തെ ഇടപാട് ഒന്നും ഗതാഗതമന്ത്രി അറിയണമെന്നമില്ല. മന്ത്രിമാർ ആരും തന്നെ ഒന്നും അറിയാറില്ല.