കോഴിക്കോട്- അന്തരിച്ച നടൻ മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന് സംവിധായകൻ വി.എം വിനു. മാമുക്കോയയുടെ സംസ്‌കാര ചടങ്ങുകൾക്ക് പലരും വരുമെന്ന് കരുതിയെന്നും എന്നാൽ ആരും വന്നില്ലെന്ന് പറഞ്ഞ വിനു, എറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നെന്നും വ്യക്തമാക്കി.
'മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവർത്തിയായി. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്‌സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു. ഇവിടെ ദൂരമല്ലെ അവർക്ക് വരാൻ പറ്റില്ലല്ലോ.
എത്രയെത്ര ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചു. ആ സിനിമകളുടെയെല്ലാം വിജയത്തിന്റെ ഭാഗമായിരുന്നില്ലേ മാമുക്കോയ. അഭിനേതാക്കളും സംവിധായകരും സിനിമാ സംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരും അത് ചിന്തിക്കേണ്ടതായിരുന്നുവെന്നും വി.എം വിനു കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, മാമുക്കോയയുടെ ഖബറടക്കം കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ നടന്നു. പതിനായിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തെ അവസാനമായി കാണാന്‍ വീട്ടിലും കോഴിക്കോട് ടൗണ്‍ ഹാളിലും എത്തിയിരുന്നു. എന്നാല്‍ മലയാളത്തിലെ താരരാജാക്കന്‍മാരുടെ അസാന്നിധ്യം അവസാന നിമിഷം വരെ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ മാസം ഇന്നസെന്റിന്റെ വിയോഗം സൃഷ്ടിച്ച ദു:ഖത്തില്‍ നിന്ന് മലയാള സിനിമ മുക്തമാകും മുമ്പായിരുന്നു മാമുക്കോയയുടെ മരണം. ഇന്നസെന്റിന്റെ മരണത്തെ തുടര്‍ന്ന് മലയാള സിനിമാലോകം മുഴുവനും കൊച്ചിയിലും ഇരിഞ്ഞാലക്കുടയിലും ആയി എത്തിയിരുന്നു. മലൈക്കോട്ടൈ വാലിബന്റെ സെറ്റില്‍ നിന്ന് വിമാനം ചാര്‍ട്ട് ചെയ്ത് മോഹന്‍ലാല്‍ പറന്നെത്തിയിരുന്നു. വിങ്ങിപ്പൊട്ടുന്ന സത്യന്‍ അന്തിക്കാടിനെ പോലുള്ള സംവിധായകരേയും അന്ന് ലോകം കണ്ടു.എന്നാല്‍ മാമുക്കോയയെ അവസാനമായി ഒന്ന് കാണാന്‍ ഇവരില്‍ മിക്കവരും എത്തിയില്ല എന്നതാണ് വാസ്തവം. മമ്മൂട്ടിയുമായും മോഹന്‍ലാലുമായും സുരേഷ് ഗോപിയുമായും ദിലീപുമായും എല്ലാം അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു മാമുക്കോയയും. എന്നാല്‍, ആരേയും അന്ധമായി പിന്തുണയ്ക്കുകയോ അവരുടെ ആളായി നില്‍ക്കുകയോ ചെയ്തിരുന്നില്ല എന്നതും യാഥാര്‍ത്ഥ്യം. മാമുക്കോയയ്ക്ക് അടുത്തിടെ ഏറ്റവും അധികം അഭിപ്രായം നേടിക്കൊടുത്ത സിനിമ ആയിരുന്നു പൃഥ്വിരാജിന്റെ കുരുതി. ഈ കഥാപാത്രത്തെ പ്രശംസിച്ച് പൃഥ്വിരാജ് തന്നെ രംഗത്ത് വന്നിരുന്നു. എന്നാല്‍ അദ്ദേഹവും മാമുക്കോയയെ അവസാനമായി ഒരുനോക്ക് കാണാന്‍ എത്തിയില്ല.
സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. വാര്‍ത്താ ചാനലുകളുടെ യൂട്യൂബ് തത്സമയ സംപ്രേഷണത്തിന് കീഴില്‍ കമന്റുകളായും പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുണ്ട്. മലബാറുകാരന്‍ ആയതുകൊണ്ടാണോ മാമുക്കോയയുടെ അന്ത്യയാത്രയില്‍ പങ്കെടുക്കാന്‍ പ്രമുഖര്‍ എത്താതിരുന്നത് എന്നാണ് ചിലരുടെ ചോദ്യം. താരതാജാക്കന്‍മാര്‍ എത്തിയില്ലെങ്കിലും സാധാരണക്കാര്‍ ഒഴുകിയെത്തിയല്ലോ എന്നാണ് മറ്റ് ചിലര്‍ ആശ്വസിക്കുന്നത്. താരസംഘടനയായ എഎംഎംഎയ്ക്ക് വേണ്ടി ഇടവേള ബാബു അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പിച്ചിരുന്നു. സിനിമ മേഖലയില്‍ നിന്ന് പിന്നീട് എത്തിയവരില്‍ പ്രമുഖര്‍ നടന്‍മാരായ ജോജു ജോര്‍ജ്ജും ഇര്‍ഷാദും ആയിരുന്നു