Sorry, you need to enable JavaScript to visit this website.

സംഘ്പരിവാർ സിനിമയിൽ വി.എസിന്റെ പ്രസ്താവന

കൊച്ചി- സംഘ്പരിവാർ വൻ തുക മുടക്കി കേരളത്തിൽ വർഗീയ പ്രചാരണം ലക്ഷ്യമിട്ട് പുറത്തിറക്കുന്ന കേരള സ്റ്റോറി സിനിമയിൽ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയും. കേരളം ഇസ്ലാമിക രാജ്യമാക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രിത നീക്കം നടത്തുന്നുവെന്ന വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയാണ് സിനിമയുടെ ട്രെയിലറിൽ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. 2.45 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിലാണ് വി.എസിന്റെതായി പുറത്തുവന്ന പ്രസ്താവന ഒരു പെൺകുട്ടി പറയുന്നത്. കേരളത്തിൽ ഇസ്ലാമിലേക്കുള്ള പരിവർത്തനം ആഗോള അജണ്ടയുടെ ഭാഗമാണെന്നും ഞങ്ങളുടെ മുൻ മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് പെൺകുട്ടി പറയുന്നത്. 
കേരളം മുസ്ലിം വർഗീയതയുടെ ഇടമാണെന്ന തരത്തിൽ സംഘ്പരിവാർ പ്രചാരണം തുടങ്ങിയിട്ട് കാലമേറെയായി. കേരളത്തിൽനിന്ന് യുവതികളെ മതംമാറ്റി സിറിയയിലേക്കും അഫ്ഗാനിലേക്കും കൊണ്ടുപോയി തീവ്രാദ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നാണ് സംഘ്പരിവാറിന്റെ പ്രചാരണം. എന്നാൽ നിരവധി ഏജൻസികൾ അന്വേഷിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും ഹാജരാക്കാനോ നിയമത്തിന്റെ വഴി സ്വീകരിക്കാനോ സംഘ്പരിവാറിനും രാജ്യത്തെ സർക്കാറിനോ സാധിച്ചിട്ടില്ല. ഈ സഹചര്യത്തിലാണ് വർഗീയ പ്രചാരണവും രാഷ്ട്രീയ നേട്ടവും മാത്രം ലക്ഷ്യമിട്ട് സിനിമയുമായി സംഘ്പരിവാർ രംഗത്തെത്തിയത്. അതേസമയം, സംഘ്പരിവാറിന്റെ കേരള സ്റ്റോറിക്ക് എതിരെ വിവിധ കോണുകളിൽനിന്ന് എതിർപ്പും ഉയരുന്നുണ്ട്. ഇത് എന്റെ കേരളമല്ല എന്ന തലക്കെട്ടിലാണ് പ്രചാരണം നടക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തലിന്റെ പോസ്റ്റ് വായിക്കാം.

കഴിഞ്ഞ കുറച്ച് ദിവസമായി 'ദ് കേരള സ്റ്റോറി' എന്ന സുദിപ്തോ സെൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയെ പറ്റിയുള്ള ചർച്ചകൾ പലയിടത്തായി കണ്ടു.

ഇന്നലെ ആ സിനിമയുടെ ട്രെയിലറും കണ്ടു. അതെ കുറിച്ച് ചർച്ച ചെയ്ത് ആ സിനിമയുടെ വിസിബിലിറ്റിയുടെ ഒരു ഭാഗമാകണോയെന്ന ആശങ്കയിൽ ആദ്യം ഇഗ്നോർ ചെയ്തു. അപ്പോഴാണ് പ്രസംഗത്തിൽ ഞാൻ തന്നെ മറ്റ് പലരെയും പോലെ ഉദ്ധരിക്കുന്ന മാർട്ടിൻ നീമൊള്ളറുടെ പ്രശസ്തമായ വാചകം ഓർത്തത്. അതുകൊണ്ടാണ് പ്രതികരിക്കാമെന്ന് ഓർത്തത്, കാരണം ' ഒടുവിൽ അവർ എന്നെ തേടി വരും' വരെയുള്ള നിശബ്ദത പോലും ഫാഷിസത്തോടുള്ള സമരസമാണ്.

ആദ്യമെ തന്നെ സുദിപ്തോ സെന്നിനോട് പറയട്ടെ, നിങ്ങൾ പറയുന്ന ' ദ് കേരള സ്റ്റോറി ' ഞങ്ങളുടെ കേരളത്തിന്റെ സ്റ്റോറിയല്ല!

ഈ കേരളം നിങ്ങളുടെ സംഘപരിവാർ ഭാവനയിൽ നിങ്ങൾ ആഗ്രഹിക്കുന്ന കേരളമാണ്. ആ കേരളമാകുവാൻ ഞങ്ങൾക്ക് സാധ്യമല്ല.

സിനിമയിലൂടെ നിങ്ങൾ പറഞ്ഞ് വെക്കുന്നത് ഫസ്റ്റ് ക്ലാസ്സ് അപരവത്കരണമാണ്. ലക്ഷണമൊത്ത ഫാഷിസ്റ്റ് സ്ട്രാറ്റജി തന്നെ. ഈ തന്ത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആദ്യം നിങ്ങൾക്ക് വളരുവാൻ പര്യാപ്ത്മായ ഒരു ശത്രുവിനെ സൃഷ്ടിക്കുക. ആ ശത്രു സമൂഹത്തോട് ഇതര സമൂഹങ്ങൾക്ക് ആദ്യം ഭയവും പിന്നെ ആശങ്കയും അതു വഴി ശത്രുതതയും ഉണ്ടാക്കിയെടുക്കുക, അങ്ങനെ നിങ്ങൾ വളരുവാൻ ശ്രമിക്കുക... ഇവിടെ നിങ്ങൾ സൃഷ്ടിക്കുന്ന ആ അപര ശത്രു സമൂഹം ദൗർഭാഗ്യവശാൽ മുസ്ലീം സമൂഹമാണ്. ഹിന്ദു - ക്രിസ്ത്യൻ സമൂഹങ്ങളിൽ ആശങ്ക പടർത്തി മുസ്ലീം വിരുദ്ധത പാകിയുറപ്പിക്കുക.

എന്തായാലും നാം ജാഗ്രത പുലർത്തുക... അവസാനം അവർ എന്നെ തേടി വരുന്നത് വരെ കാത്തിരിക്കാതെ ആദ്യം തേടി വരുന്നവർക്കൊപ്പം നില്ക്കുക.....

Sorry sangh guys this is not our story….!

Latest News