അബഹ - അസീർ പ്രവശ്യയിൽ പെട്ട ബീശയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് മരിച്ചയാളുടെ മൃതദേഹം സിവിൽ ഡിഫൻസ് കണ്ടെത്തി. വളണ്ടിയർമാരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും പങ്കാളിത്തത്തോടെ സിവിൽ ഡിഫൻസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തിരച്ചിലുകൾക്ക് റബ്ബർ ബോട്ടുകളും ഉപയോഗപ്പെടുത്തി.
മറ്റൊരു സംഭവത്തിൽ, റിയാദ് പ്രവിശ്യയിൽ പെട്ട ഹുറൈമിലയിൽ മലവെള്ളപ്പാച്ചിലിൽ പെട്ട കാറിൽ കുടുങ്ങിയ ഡ്രൈവറെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിച്ച് ഗതാഗത നിയമ ലംഘനം നടത്തിയ ഡ്രൈവർക്കെതിരെ ട്രാഫിക് പോലീസുമായി സഹകരിച്ച് പിഴ ചുമത്തിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. മലവെള്ളപ്പാച്ചിലിനിടെ താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിക്കുന്നവർക്ക് 5,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ലഭിക്കും. റിയാദ് പ്രവിശ്യയിൽ പെട്ട അൽഹരീഖിലെ താഴ്‌വരയിൽ കുടുങ്ങിയ മറ്റു നാലു പേരെയും സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.