വനിതകളുടെ സാമ്പത്തിക ഉന്നമനം പ്രധാന നേട്ടം
റിയാദ് - വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി വിദേശങ്ങളിൽ നിന്നുള്ള ഹൗസ് ഡ്രൈവർമാരുടെ റിക്രൂട്ട്‌മെന്റ് പത്തു വർഷത്തിനകം പകുതിയാക്കുമെന്ന് റിക്രൂട്ട്‌മെന്റ് വിപണി വൃത്തങ്ങൾ കരുതുന്നു. ഹൗസ് ഡ്രൈവർമാരെ ജോലിക്കു വെക്കുന്നതിനുള്ള ഭീമമായ ചെലവ് ലാഭിക്കാൻ സൗദി കുടുംബങ്ങളെ ഇത് സഹായിക്കും. ഒരു ഡ്രൈവറെ ജോലിക്കു വെക്കുന്നതിന് പ്രതിവർഷം ചുരുങ്ങിയത് 18,000 റിയാൽ ചെലവ് വരുന്നുണ്ട്. ലക്ഷക്കണക്കിന് വനിതകളുടെ സാമ്പത്തിക ഉന്നമനത്തിന് പുതിയ ചുവട് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സ്വകാര്യ, പൊതുമേഖലകളിൽ ജോലി ചെയ്യുന്ന വനിതകളുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും യാത്രാ ചെലവ് ഇനത്തിൽ നഷ്ടപ്പെടുകയാണ്.
സൗദിയിൽ 14 ലക്ഷത്തോളം ഡ്രൈവർമാരുണ്ടെന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് നൽകുന്ന കണക്ക്. സൗദിയിലെ ആകെ വിദേശ തൊഴിലാളികളിൽ 12 ശതമാനം ഡ്രൈവർമാരാണ്. രാജ്യത്ത് 13,76,096 ഡ്രൈവർമാരാണുള്ളത്. ഇവർക്ക് പ്രതിവർഷം ഇഖാമ ഫീസ് ആയി 84 കോടി റിയാൽ വേണ്ടിവരുന്നുണ്ട്. ഇത്രയും ഡ്രൈവർമാർക്ക് വിസ ലഭിക്കുന്നതിന് 280 കോടി റിയാൽ ഫീസ് വേണം. വേതനയിനത്തിൽ ഇവർക്ക് പ്രതിവർഷം 2500 കോടി റിയാൽ സൗദി കുടുംബങ്ങൾ ചെലവഴിക്കുന്നുണ്ട്. റിക്രൂട്ട്‌മെന്റ് ചെലവുകളായി 1100 കോടി റിയാലും സൗദി കുടുംബങ്ങൾ വഹിക്കുന്നു. ടിക്കറ്റ് ഇനത്തിൽ 250 കോടി റിയാലും താമസ, ഭക്ഷണ, ചികിത്സാ ആവശ്യങ്ങൾക്ക് 200 കോടി റിയാലും സൗദി കുടുംബങ്ങൾ ചെലവഴിക്കുന്നതായാണ് കണക്കാക്കുന്നത്.
വനിതകൾക്കു മുന്നിൽ തൊഴിലവസരങ്ങളുടെ വലിയ വാതായനമാണ് തുറക്കപ്പെട്ടിരിക്കുന്നത്. ടാക്‌സി ഡ്രൈവർമാരായും കമ്പനി ഡ്രൈവർമാരായും മറ്റും ജോലി ചെയ്യുന്നതിന് വനിതകൾക്ക് അവസരം ഒരുങ്ങി. ടാക്‌സി ഡ്രൈവർമാരായി ഒരു ലക്ഷം സൗദി യുവതികളെ നിയമിക്കുമെന്ന് പ്രമുഖ ഓൺലൈൻ ടാക്‌സി കമ്പനിയായ കരീം ഇതിനകം അറിയിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ആഡംബരമായല്ല വനിതകൾ കാണുന്നത്. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് സർക്കാർ ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിത്യോപയോഗ വസ്തുക്കൾക്ക് വാണിജ്യ കേന്ദ്രങ്ങളിലും മറ്റും മറ്റുള്ളവരെ ആശ്രയിക്കാതെ സ്വതന്ത്രമായി പോകുന്നതിന് വനിതകൾക്ക് അവസരം കൈവന്നിരിക്കുകയാണ്. ആധുനിക ജീവിത സാഹചര്യങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ലഭ്യമാക്കുന്നതിനാണ് ഡ്രൈവിംഗ് അനുമതി നൽകുന്നതിനുള്ള തീരുമാനം ഭരണാധികാരികൾ കൈക്കൊണ്ടത്. ഡ്രൈവിംഗ് അനുമതിയില്ലെങ്കിലും ദീർഘകാലമായി ഗ്രാമപ്രദേശങ്ങളിൽ സൗദി വനിതകൾ വാഹനമോടിക്കുന്നുണ്ട്. നഗരങ്ങളിലും വാഹനങ്ങളോടിക്കുന്നതിന് വനിതകൾക്ക് നിയമാനുസൃതം അവസരം ലഭിച്ചു എന്നതാണ് പ്രത്യേകത.
പ്രാദേശിക തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം 22 ശതമാനത്തിൽ നിന്ന് 30 ശതമാനമായി 2030 ഓടെ ഉയർത്തുന്നതിന് വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതിക്ക് വലിയ പങ്കുണ്ടാകും.
സ്ത്രീശാക്തീകരണ മേഖലയിൽ നിരവധി സുപ്രധാന പരിഷ്‌കരണങ്ങൾക്ക് സമീപ കാലത്ത് സൗദി അറേബ്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാജ്യത്തെ പാർലമെന്റ് ആയ ശൂറാ കൗൺസിലിൽ 30 വനിതകളെ നിയമിക്കുകയും നഗരസഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് പൂർണ തോതിലുള്ള പ്രാതിനിധ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പുരുഷ രക്ഷാകർത്താക്കളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഇല്ലാതെ സ്വന്തം നിലയിൽ ബിസിനസ് സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് വനിതകൾക്ക് അവസരം ഒരുക്കുകയും മുമ്പ് അപ്രാപ്യമായിരുന്ന നിരവധി പുതിയ തൊഴിൽ മേഖലകൾ അവർക്കു മുന്നിൽ തുറന്നിടുകയും ചെയ്തിട്ടുണ്ട്.