കോഴിക്കോട് - പെരുന്നാൾ ദിനത്തിൽ വീട്ടിലെത്തിയ ബി.ജെ.പിയുടെ കോഴിക്കോട് ജില്ലാ സാരഥികളെ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് കെ.എൻ.എം നേതാവും കോഴിക്കോട് പാളയം മുഹ്‌യുദ്ദീൻ പള്ളി ഖത്തീബുമായ ഡോ. ഹുസൈൻ മടവൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ ചർച്ച സജീവം.
ഒരാൾ വീട്ടിൽ കയറി വന്നാൽ സ്വീകരിക്കുകയെന്ന സാമാന്യ മര്യാദ മാത്രമാണ് ഹുസൈൻ മടവൂർ കാണിച്ചതെന്നും അതാണ് ആരു വന്നാലും ചെയ്യേണ്ടതെന്നും പറയുന്നു. സംഘപരിവാർ ആശയത്തോടുള്ള കൃത്യമായ വിയോജിപ്പ് ഒരു കുറവുമില്ലാതെ പേജിലും പ്രസംഗത്തിലുമെല്ലാം കൃത്യമായി രേഖപ്പെടുത്തുന്ന പണ്ഡിതനാണ് ഹുസൈൻ മടവൂരെന്നും വീട്ടിൽ കയറി വന്നവരേ ഇറക്കിവിടുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ ഓർമിപ്പിക്കുന്നു.
സൗഹൃദ സന്ദർശനത്തിന് എത്തിയവരോടും അദ്ദേഹം നിലപാട് പറഞ്ഞിട്ടുണ്ടാവും. എന്നു കരുതി വീട്ടിൽ വന്നതിന്റെ പേരിൽ മടവൂരിന്റെ നേർക്ക് ചെളി വാരി എറിയുന്നത് ശരിയല്ലെന്നും അത്തരം ശ്രമങ്ങൾ വിശ്വാസികൾക്കു ചേർന്നതല്ലെന്നും വ്യക്തമാക്കുന്നു. എന്നാൽ, ഹുസൈൻ മടവൂർ പ്രസ്തുത 'മധുര ഉപഹാരം' തിരസ്‌കരിക്കേണ്ടിയിരുന്നുവെന്നും സ്വീകരിക്കുന്നതോടൊപ്പം തിരസ്‌കരണത്തിന്റെ വലിയൊരു മെസേജ് ബി.ജെ.പിക്കാർക്ക് അത് നൽകുമായിരുന്നുവെന്നും അഭിപ്രായമുള്ളവർ ഏറെയുണ്ട്.
'ഇതിൽ ഹുസൈൻ മടവൂർ എന്ത് പിഴച്ചു? അദ്ദേഹത്തിന്റെ വീട്ടിൽ കയറിവന്നല്ലേ കൊടുത്തത്? അയാൾ അങ്ങോട്ട് പോയി വാങ്ങിച്ചതല്ലല്ലോ. കൊലപാതകി ആയാൽ പോലും തന്റെ വീട്ടിലേക്ക് കയറിവരുന്നവനെ ആഥിത്യ മര്യാദയുടെ പേരിൽ ആട്ടിയിറക്കാൻ പാടില്ല എന്നതാണ് ഇസ്‌ലാമിക വശം. ആ മധുരം അയാൾ ഒരുപക്ഷേ ഉപേക്ഷിച്ചിരിക്കാം. അത് ഉപയോഗിക്കാൻ മാത്രം പാമരനല്ല അയാൾ. പിന്നെ അയാൾ ആ വന്ന സംഘികളെ ആട്ടിയിറക്കി അപമാനിച്ചാൽ സംഘികൾ പകവെച്ച് നടന്ന് അദ്ദേഹത്തേയും കുടുംബത്തേയും ആക്രമിച്ചാൽ ഈ എഫ്.ബി പോസ്റ്റിടുന്നവരോ സമുദായ സ്‌നേഹികളോ സർക്കാരോ ഒന്നും ഒരു സഹായത്തിനുമുണ്ടാവില്ല. നഷ്ടം അയാൾക്ക് മാത്രമായിരിക്കും' എന്ന് ഹുസൈൻ മടവൂരിന്റെ ചെയ്തിയെ ന്യായീകരിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
'ഹുസൈൻ മടവൂർ വീട്ടിൽ വന്നവരെ ഇറക്കി വിടണമായിരിക്കും അല്ലേ... ഹുസൈൻ മടവൂർ ഇത്തരം അൽപ ബുദ്ധികളുടെ ഉപദേശത്താൽ അല്ല മുന്നോട്ട് പോകുന്നത്. സംഘികളുമായി ഉള്ളത് ആശയപരമായ വിയോജിപ്പാണ്...അല്ലാതെ വ്യക്തിപരമായി വിരോധമല്ല...'
'പെരുന്നാൾ വിവാദമായി. ഇനി ഇതും വിവാദമാക്കണോ?, അങ്ങ് വിട്ടുകള. നാളെ നമുക്കും ഇതിനേക്കാൾ വിഷമുള്ള ജീവി കൊണ്ടുവന്നാൽ വാങ്ങി വെക്കേണ്ട അവസ്ഥയാണ്? മനുഷ്യരല്ലേ'. 'വീട്ടിൽ വരുന്നവൻ ശത്രുവായാൽ പോലും മാന്യമായി സ്വീകരിക്കണമെന്നത് ഇസ്‌ലാമികാധ്യാപനമാണ്. അതറിയണമെങ്കിൽ അല്പംകൂടി മനസ്സ് നന്നാവണം'
'ഒരാളുടെ വീട്ടിലേക്കു എതിർ വിഭാഗത്തിൽ പെടുന്നവർ വന്നാൽ എങ്ങനെ പെരുമാറണമെന്നും, അതിഥികൾ ആരായാലും എങ്ങനെ നേരിടണമെന്നും ഹുസൈൻ മടവൂരെന്ന ഇസ്‌ലാമിക പണ്ഡിതൻ ബി.ജെ.പി നേതാവിനെ പഠിപ്പിച്ചു, ഇനി തിരിച്ച് അങ്ങനെ പെരുമാറാനോ അല്ലെങ്കിൽ പറവൂരിൽ ഇതുപോലെ ലഘുലേഖയുമായി ബി.ജെ.പിക്കാരുടെ വീടുകളിൽ ചെന്ന മുജാഹിദ് പ്രവർത്തകരോട് പെരുമാറിയ പൊലെ പെരുമാറണോ എന്ന് ഒന്ന് സജീവമായി ചിന്തിക്കട്ടെ'
എന്നാൽ ഇതിനെ എതിർത്തും രൂക്ഷമായാണ് പ്രതികരണങ്ങളാണുണ്ടായത്. 'പെരുന്നാൾ സന്ദർശനത്തിന്റെ ഭാഗമായി സംഘികൾ ഏത് മുസ്‌ലിം നേതാവിന്റെ വീട്ടിലാകും പോകുകയെന്നതിൽ ആശയക്കുഴപ്പത്തിലായിരുന്നു... ഇപ്പോൾ സമാധാനമായി, അർഹതയുള്ള നേതാവിന്റെ വീട്ടിൽ തന്നെയാണ് അവർ പോയത്. സംഘികൾ ഡോ. മജീദ് സ്വലാഹിയെ അവഗണിച്ചത് ശരിയായില്ലെന്നും ഇവർ ട്രോളുന്നു.
'ഈ പെരുന്നാൾ ദിനം സംഘപരിവാർ പ്രതിനിധി ഹുസൈൻ മടവൂരിന് വെച്ചുനീട്ടി കൊടുത്ത ആ മധുരത്തിന് അഖ്‌ലാക്കിന്റെയും ജുനൈദിന്റെയും റിയാസ് മൗലവിയുടെയും കൊടിഞ്ഞി ഫൈസലിന്റെയും...തുടങ്ങി രാജ്യത്തെ വിവിധ ജയിലുകളിൽ നിപരാധികളായി തടവിൽ കഴിയുന്ന ഒരുപാട് മുസ്ലിം മക്കളുടെ, മുസ്ലിം നേതൃത്വങ്ങളുടെ, മുസ്ലിം ആയ കാരണത്താൽ മാത്രം കൊല ചെയ്യപ്പെട്ട ഒരുപാട് ചെറുപ്പങ്ങളുടെ, വിധവയായ ഉമ്മമാരുടെ, യതീമുകളായ മക്കളുടെ, ശഹീദുകളുടെ....കണ്ണീരിന്റെ, വേദനകളുടെ, നെടുവീർപ്പിന്റെ ഗന്ധമുണ്ട്. അതിനൊന്നും കണക്ക് ചോദിക്കാതെ ഒരുകാലവും കടന്നുപോകില്ല..' എന്നിങ്ങനെ വിവിധങ്ങളായ പ്രതികരണങ്ങളും സമൂഹമാധ്യങ്ങളിലുണ്ട്.
അതിനിടെ, ശ്രീജ നെയ്യാറ്റിൻകര ഹുസൈൻ മടവൂരിനെ 'ഒറ്റുകാരൻ' എന്ന് വിളിച്ചതിനോട് വിയോജിപ്പ് രേഖപ്പെടുത്തിയതിനുള്ള മറുപടിയും അവരുടെ വാളിലുണ്ട്.
'വംശഹത്യ പ്രത്യയശാസ്ത്രം തലയ്ക്ക് വെളിവുള്ളവർക്ക് രാഷ്ട്രീയ ശത്രുവാണ്... രാഷ്ട്രീയ വിയോജിപ്പ് മാത്രമാണ് അതിനോടുള്ളതെങ്കിൽ തീർച്ചയായും അത്തരക്കാരെ സൂക്ഷിക്കണം. അതുകൊണ്ടാണ് ഹുസൈൻ മടവൂരിനെ ഒറ്റുകാരൻ എന്ന് വിളിക്കേണ്ടി വരുന്നത്...'- ശ്രീജ ചൂണ്ടിക്കാട്ടി.