കോഴിക്കോട് - കേരളത്തെ കുറിച്ച് വംശീയവിദ്വേഷ പ്രചാരണങ്ങൾ നിറച്ച് പുറത്തിറങ്ങുന്ന 'കേരള സ്‌റ്റോറി' എന്ന സിനിമക്കെതിരെ പരാതി ലഭിച്ചിട്ടും സർക്കാർ നടപടി എടുക്കാത്തത് പ്രതിഷേധാർഹവും കുറ്റകരവുമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്.
കേരളത്തിൽ നിന്ന് 32000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്‌റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമക്കെതിരെ തമിഴ് മാധ്യമ പ്രവർത്തകനായ ബി.ആർ അരവിന്ദാക്ഷൻ കേരള മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടർന്ന് കേസെടുക്കാൻ ഡി.ജി.പി അനിൽ കാന്ത് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടും ഇത് വരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കേന്ദ്ര സർക്കാരും കേരള ആഭ്യന്തര വകുപ്പും ലവ്ജിഹാദ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അവയയെല്ലാം മുഖവിലക്കെടുക്കാതെ മുസ്ലിം സമൂഹത്തിനെതിരെ സംഘ്പരിവാർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ലൗ ജിഹാദ് എന്ന വ്യാജ ആരോപണത്തെ അതേപടി ഏറ്റെടുക്കുകയാണ് സിനിമ ചെയ്യുന്നത്. ലൗജിഹാദും ഐ എസ് റിക്രൂട്ട്‌മെന്റും അടക്കമുള്ള നുണക്കഥകളെ മുൻനിർത്തി ഇസ്‌ലാമിനെയും മുസ്ലിംകളെയും കുറിച്ച് ഭീതി ഉത്പാദിപ്പിച്ച് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെക്കുന്ന ഈ സിനിമ കേരളത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാ?ഘാതം സൃഷ്ടിക്കുന്നതാണ്.
മെയ് 5 ന് പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയ്‌ലറിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയാണ് ലൗ ജിഹാദ് ആരോപണത്തിന്റെ പ്രധാന രേഖയായി കൊടുത്തിട്ടുള്ളത്. വ്യത്യസ്ത അഭിമുഖങ്ങളിലൂടെയായി സിനിമയയുടെ സംവിധായകൻ സുധീപ്‌തോ സെന്നും ഇത് കേരളത്തിൽ യഥാർഥത്തിൽ നടന്ന വസ്തുതയെ പുറത്ത് കൊണ്ട് വരുന്ന സിനിമയാണെന്ന പച്ചക്കള്ളം ആവർത്തിക്കുന്നുണ്ട്. ആൾട്ട് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അവതരിപ്പിച്ച, കേരളത്തിൽ 2006 മുതൽ ഇസ്ലാം സ്വീകരിച്ച സ്ത്രീകളുടെ കണക്കിനെയും ലൗ ജിഹാദിന്റെ ഔദ്യോഗിക രേഖയാക്കി ദുർവ്യാഖ്യാനിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.
കേരളത്തിലെ മുൻമുഖ്യമന്ത്രിമാരുടെ പ്രസ്താവനകളെ തെളിവാക്കിക്കൊണ്ട് ഒരു സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുമ്പോൾ അതിന്റെ വസ്തുത ബോധ്യപ്പെടുത്താതെ മൗനം പാലിക്കുന്നത് കേരള സർക്കാരിന്റെയും ഭരിക്കുന്ന പാർട്ടിയുടെയും ഭാഗത്ത് നിന്നുള്ള കുറ്റകരമായ അനാസ്ഥയാണ്.
കേരളത്തെ തീവ്രവാദികളുടെ ഹബ് ആക്കി വ്യാജ പ്രചാരണം നടത്തുന്ന സംഘ്പരിവാർ ആശയത്തിനെ വളം വെക്കുന്നതും മുസ്ലിം ജനവിഭാഗത്തെക്കുറിച്ച് വിദ്വേഷം ജനിപ്പിക്കുന്നതുമായ കേരള സ്‌റ്റോറിയുടെ സംവിധായകനും നിർമ്മാതാവിനും എതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം. സിനിമയുടെ പ്രദർശനാനുമതി തടയാനുള്ള അടിയന്തിരമായ നിയമനടപടികൾക്കും സർക്കാർ മുൻകൈയെടുക്കണമെന്നും സോളിഡാരിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.