തിരുവനന്തപുരം- ഇരുചക്രവാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഒഴിവാക്കല്‍ ഗതാഗത വകുപ്പ് പരിഗണിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതിയോ ഇളവോ ആവശ്യപ്പെട്ടേക്കും.
ആവശ്യം നിയമപരമായി നിലനില്‍ക്കുമോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം ഒരു കുട്ടി, അല്ലെങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം രണ്ട് കുട്ടികള്‍ എന്ന നിര്‍ദേശമാകും സംസ്ഥാനം മുന്നോട്ട് വെക്കുക. കുട്ടികളുടെ പ്രായപരിധിയും നിശ്ചയിക്കും.
മോട്ടോര്‍ വാഹനവകുപ്പ് നിയമസാധുത പരിശോധിച്ച ശേഷം മാത്രമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുക. കേന്ദ്ര മോട്ടോര്‍ വാഹന നിയപ്രകാരം ഇരുചക്രവാഹനത്തില്‍ രണ്ടുപേര്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടൂള്ളൂ.നിയമവും പിഴയും രാജ്യത്താകെ ഉള്ളതായതിനാല്‍ സംസ്ഥാനത്തിന് മാത്രമായി ഭേദഗതി വരുത്താനോ പിഴ ഒഴിവാക്കാനോ സാധിക്കില്ല. ഗതാഗത ലംഘനം കണ്ടെത്താന്‍ എഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ, ഇരുചക്രവാഹനമുള്ള ദമ്പതിമാര്‍ കുട്ടികളെ ഒഴിവാക്കേണ്ടി വരുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.