VIDEO ഇവിടെ വാസം സാധ്യമോ; മോഡിക്കു മുന്നില്‍ കവിത ചൊല്ലി താരമായത് പാര്‍വതി

തിരുവനന്തപുരം- വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമുന്നില്‍ വിദ്യാര്‍ഥിനി ചൊല്ലിയ കവിത സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന കവിത ചൊല്ലി താരമായത് പള്ളിപ്പുറം സിആര്‍പിഎഫ് കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പാര്‍വതിയാണ്.
പ്രധാനമന്ത്രി മോഡിയോട് സംസാരിക്കാന്‍ തയ്യാറെടുത്തു നിന്ന പാര്‍വതിയോട് പെട്ടെന്നാണ് പ്രധാനമന്ത്രി പാട്ടുപാടാന്‍ പറഞ്ഞത്. ഉടന്‍ തന്നെ മനസില്‍ ഓര്‍മ വന്ന ഒരു പാട്ട് പാര്‍വതി പാടി. 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ',

പ്രധാനമന്ത്രിക്ക് വരികളുടെ അര്‍ഥം ഇംഗ്ലീഷില്‍ പറഞ്ഞു കൊടുത്തിട്ടാണ് പാര്‍വതി കവിത ആലപിച്ചത്. കവിത മുഴുവന്‍ ആസ്വദിച്ച ശേഷം പ്രധാനമന്ത്രി പാര്‍വതിയെ അഭിനന്ദിച്ചു. കണിയാപുരം സ്വദേശിയായ പാര്‍വതി പട്ടികജാതി വകുപ്പിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ അജികുമാറിന്റെയും കഴക്കൂട്ടം ജ്യോതി നിലയം സ്‌കൂളിലെ അധ്യാപിക ശ്രീജയുടേയും മകളാണ്.

പാര്‍വതി പാടുന്നതിന്റെ ദൃശ്യം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു.  സ്‌കൂളില്‍ നിന്നു നൂറോളം കുട്ടികളുമായി മത്സരിച്ചാണ് പാര്‍വതിക്ക് വന്ദേഭാരത്  ഉദ്ഘാടന യാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. സ്‌കൂളില്‍ നിന്ന് തിരഞ്ഞെടുത്ത ഒന്‍പത് പേരില്‍ അഞ്ചു പേര്‍ക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനോടും ശശി തരൂര്‍ എംപിയോടും കവിതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചതായും പാര്‍വതി പറഞ്ഞു.

 

Latest News