ഭോപ്പാല്‍ - കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ കാറിനെ ചാണകത്തില്‍ പൊതിഞ്ഞിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള ഹോമിയോ ഡോക്ടര്‍. ചാണകം നല്ല ഉഷ്ണ ശമനിയാണെന്നും ഇങ്ങനെ ചെയ്യുന്നത് കാറിന്റെ ഉള്ളിനെ തണുപ്പിക്കാന്‍ സഹായിക്കുമെന്നുമുള്ള വാദമാണ് ഹോമിയോപ്പതി ഡോക്ടറായ സുശീല്‍ സാഗര്‍ ഉന്നയിക്കുന്നത്. ഏതായാലും സുശീല്‍ സാഗര്‍ തന്റെ മാരുതി സുസുക്കി ആള്‍ട്ടോ 800 -ന്റെ പുറത്ത് മുഴുവന്‍ ചാണകം പൊതിഞ്ഞു പിടിപ്പിച്ചിരിക്കുകയാണ്.
ചാണകം പുരട്ടുന്നത് വഴി കാറിന്റെ ഉള്ളിലെ ഊഷ്മാവ് ഉയരില്ലെന്നും ചുട്ടുപൊള്ളുന്ന വേനലില്‍ കാര്‍ ഓടിക്കുമ്പോള്‍ അനുഭവപ്പെടുന്ന ചൂട് ഈ വിദ്യകൊണ്ട് ഒഴിവാക്കാമെന്നും ആണ് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുശീല്‍ സാഗര്‍ പറയുന്നത്. ശാസ്ത്രീയമായി യാതൊരു അടിസ്ഥാനമില്ലെങ്കിലും സുശീല്‍ സാഗറിന്റെ ചാണക കാര്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.