ഒരു അപ്സരസ്സായിരുന്നു കൊച്ചു. നല്ല വെളുത്തമുണ്ടും ചുട്ടിയുള്ള തോര്‍ത്തും ചുവപ്പോ അല്ലെങ്കില്‍ പച്ചയോ ജാക്കറ്റും ധരിച്ച് വണ്ടിന്‍പുറം പോലെ മിന്നുന്ന മുടി അമര്‍ത്തിച്ചീകി അല്‍പം ഉയരത്തില്‍ കെട്ടിവെച്ച് കൊച്ചു നടന്നുവരുന്നതു കണ്ടാല്‍ ആരും ഒന്നു നോക്കിനിന്നുപോകും. അതുകൊണ്ട് അസൂയ സഹിക്കാതെ ആളുകള്‍ മണ്ണാത്തിക്കൊച്ചു എന്ന് വിളിച്ചു പരിഹസിച്ചിരുന്നു. അങ്ങനെയാണല്ലോ മനുഷ്യരുടെ ഒരു രീതി. അമ്മീമ്മ ഒരിക്കലും മണ്ണാത്തി എന്ന് വിളിക്കാന്‍ അനുവദിച്ചിരുന്നില്ല. മണ്ണാത്തി, വേലത്തി, വെളുത്തേടത്തി എന്നൊന്നും നമ്മുടെ തുണികള്‍ കൊണ്ടുപോയി അലക്കി വെളുപ്പിച്ചുകൊണ്ടുവരുന്നവരെ വിളിക്കാന്‍ പാടില്ല. അത് മര്യാദകേടാണ്. അതുകൊണ്ട് ഞങ്ങള്‍ ആരേയും അങ്ങനെ വിളിച്ചിരുന്നില്ല. മനുഷ്യരെ കണ്ടാല്‍ ജാതിയും മതവുമൊന്നും അറിയാന്‍ പറ്റില്ലെന്നും അത് അന്വേഷിക്കുന്നത് 'മുണ്ട്ക്കടിയിലെ ജെട്ടിയാ കോമണമാ' എന്ന് തപ്പിനോക്കുന്നതു പോലെ തരംതാണ ഏര്‍പ്പാടാണെന്നും അമ്മീമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടാവണം ഒരാളുടെ ജാതിയെന്ത് മതമെന്ത് എന്ന ചോദ്യങ്ങള്‍ ഞങ്ങളുടെ മനസ്സില്‍ ഒരിക്കലും ഉയരാതിരുന്നത്.
എച്ച്മുക്കുട്ടി
കൊച്ചു വരുന്നത് ഞങ്ങള്‍ കുട്ടികള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. കിടക്കവിരികള്‍, തലയിണയുറകള്‍, തോര്‍ത്തുമുണ്ടുകള്‍, ചാരുകസേലത്തുണി ഇതൊക്കെ അലക്കി വെളുപ്പിച്ച് ചേര്‍ക്കുരുകൊണ്ട് ക. ടീ എന്ന് അമ്മീമ്മയുടെ കല്യാണം ടീച്ചര്‍ എന്ന പേരിനെ ചെറുതാക്കി എഴുതിവെച്ച് വീട്ടില്‍ എത്തിക്കും. ആ അലക്ക് കെട്ട് തുറക്കുമ്പോഴേ നല്ല സുഗന്ധമാണ്. വീട്ടില്‍ നമ്മള്‍ എങ്ങനെ അലക്കിയാലും കൊച്ചു അലക്കുമ്പോലെ ആവില്ല. അത്ര വൃത്തിയാവില്ല. ആ സുഗന്ധവും കിട്ടില്ല. പിന്നെ കൊച്ചു തുണി മടക്കുന്നതും ഒരു സ്പെഷ്യലാണ്. കൃത്യമായി നീളവും വീതിയും ഒപ്പിച്ച്.. ഒരേ പോലെ. ആ തുണികള്‍ അലമാരയില്‍ അടുക്കി വെച്ചിരിക്കുന്നതു കാണാന്‍ തന്നെ എന്തൊരു ചേലാണ്!
കുറെ കഥയുണ്ടാവും കൊച്ചുവിന്‍റെ പക്കല്‍.. അമ്മീമ്മയോട് പറയാന്‍.. അതൊക്കെ ഞങ്ങള്‍ക്കും കേള്‍ക്കാം. സ്നേഹവാനായ ഭര്‍ത്താവായിരുന്നു കൊച്ചുവിന്‍റെ. അയാളുടെ സ്നേഹംകൊണ്ടാണ് ഇത്ര കഠിനമായി അധ്വാനിച്ചിട്ടും കൊച്ചു ഇങ്ങനെ ദീപനാളം പോലെ സുന്ദരിയായിരിക്കുന്നത് എന്ന് അമ്മീമ്മ പറയും. സ്നേഹിക്കുന്ന ഭര്‍ത്താവുണ്ടെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഭംഗിക്ക് കുറവ് വരില്ല എന്നാണ് അമ്മീമ്മയുടെ പക്ഷം.
വൈലറ്റ് നിറമുള്ള ഒരു ബുക്കിലാണ് കൊച്ചുവിന്‍റെ അലക്ക് കണക്കുകള്‍ അമ്മീമ്മ എഴുതി വെയ്ക്കുക. കുറച്ചു മുതിര്‍ന്നപ്പോള്‍ ആ ജോലി ഞാന്‍ ഏറ്റെടുത്തു. എന്നെ ചാണകവും ചാരവും കലക്കിയ വെള്ളത്തില്‍ ഇട്ട് പുഴുങ്ങി കിടക്കവിരി പോലെ വെളുപ്പിച്ചു തരാന്‍ പറയുമ്പോഴൊക്കെ കൊച്ചു അരിപ്പല്ലുകള്‍ കാട്ടി തന്‍റെ തൂമന്ദഹാസം പൊഴിക്കും. എന്നിട്ട് പറയും... 'എന്തിനാ വെളുപ്പിക്കണേ... കുട്ടിക്ക് തേനിന്‍റെ നെറല്ലേ? എന്തു ഭംഗ്യാ ഈ നെറത്തിനു ...'
എനിക്ക് സന്തോഷമാവും. സുന്ദരിപ്പാറുവായ കൊച്ചുവാണ് പറയുന്നത് ... എന്‍റെ നിറത്തിനു ഭംഗിയുണ്ടെന്ന്... എന്നെ കറുമ്പി, കാക്ക, പാറാട, കാക്കത്തമ്പുരാട്ടി എന്ന് വിളിക്കുന്നവരൊക്കെ എവിടെയെങ്കിലും പോയിത്തുലയട്ടെയെന്ന് എന്‍റെ തല അഭിമാനത്തിലുയരും.
സ്നേഹിക്കപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന സ്ത്രീകള്‍ എപ്പോഴും പ്രസാദമുള്ള മുഖത്തോടെ പ്രത്യക്ഷപ്പെടുകയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും മധുരവാക്കുകള്‍ മറ്റുള്ളവരോട് പറയുകയും ചെയ്യുമെന്ന് എനിക്ക് മനസ്സിലാക്കിത്തന്നത് കൊച്ചുവാണ്.
ഭര്‍ത്താവ് നല്ല മൊരിഞ്ഞ പരിപ്പുവട പൊതിഞ്ഞുകൊണ്ടുവന്നുകൊടുത്തതും പൂയം കാണാന്‍ കൊണ്ടുപോയപ്പോള്‍ രണ്ട് കൈയിലും ഇടാന്‍ പല നിറത്തില്‍ കുപ്പിവളകള്‍ വാങ്ങിക്കൊടുത്തതും ചുവപ്പുകരയുള്ള സെറ്റുമുണ്ട് മേടിച്ചുകൊടുത്തതും അങ്ങനെ ഒരുപാടു കുഞ്ഞുകുഞ്ഞു കാര്യങ്ങളുണ്ടാവും കൊച്ചുവിനു അമ്മീമ്മയോട് പറയാന്‍.. ആ മുഖത്തെ സന്തോഷവും ചിരിയും കാണുമ്പോള്‍ അതെല്ലാം വീട്ടിലും പ്രസരിക്കുന്നതു പോലെ നമുക്ക് തോന്നും.
കൊച്ചുവിനു മാങ്ങ, വള്ളി നാരങ്ങ, കറിവേപ്പില, പുര കെട്ടാന്‍ വേണ്ട ഓല തുടങ്ങി വീട്ടിലെ പറമ്പില്‍ സമൃദ്ധമായി ഉണ്ടായിരുന്നതെല്ലാം അമ്മീമ്മ കൊടുക്കുമായിരുന്നു. അലക്കുകെട്ടില്‍ നിന്നുയരുന്ന സുഗന്ധത്തിനു കാരണമെന്തെന്ന് ഞങ്ങള്‍ കുട്ടികള്‍ ചോദിക്കുമ്പോള്‍ കൊച്ചു തന്‍റെ വിശ്വവശ്യമായ പുഞ്ചിരി സമ്മാനിക്കും. ഒന്നും പറയില്ല. പിന്നെ അമ്മീമ്മയാണ് പറഞ്ഞു മനസ്സിലാക്കിയത് ചില കാര്യങ്ങള്‍ അങ്ങനെ വെളിപ്പെടുത്താന്‍ മനുഷ്യര്‍ക്ക് വൈമനസ്യം ഉണ്ടാവും. അത് പിന്നെയും പിന്നെയും ചോദിക്കരുത്, മര്യാദകേടാണ്.
കുറെ മുതിര്‍ന്ന ശേഷമാണ് ഞാന്‍ ആ സുഗന്ധത്തെ മനസ്സിലാക്കിയത്... അത്... ആ അലക്കിയ തുണിക്കെട്ടില്‍ നിന്ന്... പടര്‍ന്നിരുന്നത് ഇലഞ്ഞിപ്പൂമണമായിരുന്നു.
ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നുവെന്നത് യേശുദാസിന്‍റെ പാട്ടു മാത്രമല്ല, അപ്സരസ്സായിരുന്ന കൊച്ചുവിന്‍റെ ഓര്‍മ്മകൂടിയാണ്.