സിംഗപ്പൂര്‍- ഒരു കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച് പിടിയിലായ ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ തൂക്കിലേറ്റി. ഇന്ത്യന്‍ വംശജനായ തങ്കരാജു സുപ്പയ്യ(46)യെയാണ് സിംഗപ്പൂരില്‍ തൂക്കിലേറ്റിയത്.
2014ല്‍ പിടിയിലായ തങ്കരാജുവിന് വധശിക്ഷ നടപ്പാക്കാന്‍ കോടതി 2018 ഒക്ടോബറില്‍ വിധിച്ചിരുന്നു. ചാന്‍ഗി ജയില്‍ വളപ്പിലാണ് ശിക്ഷ നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് യു. എന്‍ മനുഷ്യാവകാശ സംഘടനയും
ബ്രിട്ടിഷ് ശതകോടീശ്വരന്‍ റിച്ചഡ് ബ്രാന്‍സനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. വധശിക്ഷയെ എതിര്‍ത്ത് നോര്‍വേയും സ്വിറ്റ്സര്‍ലന്‍ഡും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്തവാനയില്‍ തങ്കരാജുവിന്റെ വധശിക്ഷ നിര്‍ത്തലാക്കാനും ശിക്ഷാവിധി ഇളവ് ചെയ്യാനും അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യത്തെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ അനിവാര്യ ഘടകമാണ് വധശിക്ഷയെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്.