ജിദ്ദ- ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽനിന്ന് സൗദി അറേബ്യയുടെ സഹായത്തോടെ ഇന്ത്യ ഒഴിപ്പിച്ച ഇന്ത്യക്കാർ ഉടൻ ദല്‍ഹിയിലേക്ക് തിരിക്കും. ഇന്ന് (ബുധന്‍) ഉച്ചക്ക് ഒരു മണിക്ക് ജിദ്ദയിൽനിന്ന് ദൽഹിയിലേക്കാണ് ആദ്യവിമാനം. 192 പേരാണ് ആദ്യ വിമാനത്തിലുള്ളത്. ജിദ്ദയിലെത്തിയ മുഴുവൻ ഇന്ത്യക്കാരെയും ഇന്ന് തന്നെ നാട്ടിലേക്ക് അയക്കും. ആദ്യവിമാനം ദല്‍ഹിയിലേക്കാണ്. തുടര്‍ന്ന് മറ്റിടങ്ങളിലേക്കും വിമാനം പുറപ്പെടും. ഇന്നലെ രാത്രിയോടെയാണ് ഒരു കപ്പലിലും രണ്ടു വിമാനത്തിലുമായി 556 പേർ പോർട്ട് സുഡാനിൽനിന്ന് ജിദ്ദയിലെത്തിയത്. ജിദ്ദയിലെത്തിയ മുഴുവൻ ഇന്ത്യക്കാർക്കും ജിദ്ദ ഇന്ത്യൻ എംബസി സ്‌കൂളിലായിരുന്നു താമസസൗകര്യം. സ്‌കൂളിൽ എത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരെ ഇന്ത്യയിലേക്ക് അയക്കുന്നതിനുളള നടപടിക്രമങ്ങളും ആരംഭിച്ചു. സുഡാനിൽനിന്ന് എത്തിയവരെ അധികനേരം ഇന്ത്യൻ സ്‌കൂളിൽ നിർത്തുന്നില്ല. ഇന്നലെ രാത്രി വിമാനത്തിലും കപ്പലിലും എത്തിയവരെ ഒന്നിച്ചാണ് ഇന്ത്യൻ സ്‌കൂളിലേക്ക് എത്തിച്ചത്. ജീവനക്കാരുടെ നേതൃത്വത്തിൽ മികച്ച സൗകര്യമാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.