കണ്ണൂര്‍- ഇത്രയും കാലം രഹസ്യമായാണ് ബോംബുണ്ടാക്കിയിരുന്നത്. ഉണ്ടാക്കുമ്പോള്‍ ബോംബ് പൊട്ടി പാര്‍ട്ടിക്കാര്‍ക്ക് പരുക്കേറ്റാല്‍ പടക്കം പൊട്ടിയാണെന്ന് പറയുന്നതും പാര്‍ട്ടികളുടെ ശൈലിയായിരുന്നു. ഇപ്പോഴിതാ ബോംബുണ്ടാക്കുന്നതും പൊട്ടിക്കുന്നതും ഫോണില്‍ ചിത്രീകരിച്ച് വാട്‌സ്ആപ് സ്റ്റാറ്റസാക്കിയിരിക്കുന്നു ആര്‍. എസ്. എസ് പ്രവര്‍ത്തകന്‍. പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കളി കാര്യമായത്.
മുഴപ്പിലങ്ങാടാണ് സംഭവം. വിവേകാനന്ദ നഗറിലെ വേലിക്കോത്ത് വി. വി. ധനുഷ് (18) എന്ന ആര്‍. എസ്. എസ് പ്രവര്‍ത്തകനാണ് ബോംബുണ്ടാക്കുന്ന ദൃശ്യങ്ങളും അത് റോഡിലെറിഞ്ഞ് പൊട്ടിക്കുന്നതും വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പോലീസിന് പിന്നെ നോക്കിനില്‍ക്കാന്‍ സമയമില്ലായിരുന്നു. സ്‌ഫോടക വസ്തു നിരോധന നിയമ പ്രകാരം കേസെടുത്തു, ധനുഷ് അഴിക്കുള്ളിലുമായി.
വെടിമരുന്നും കരിങ്കല്‍ ചീളുകളും ചേര്‍ന്ന് തെങ്ങിന്റെ മറവില്‍ നിന്ന് ഒരാള്‍ ബോംബ് കെട്ടുന്നതും നിര്‍മിച്ചതിന് ശേഷം ബോംബെറിഞ്ഞ് പൊട്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബോംബ് കെട്ടുമ്പോള്‍ ഒരാളെ ഉള്ളുവെങ്കിലും അതെറിഞ്ഞ് പൊട്ടിച്ചപ്പോള്‍ കൂടുതല്‍ പേരുണ്ട്.
ബോംബ് നിര്‍മാണവും പൊട്ടിച്ച് പരീക്ഷണവും ചലച്ചിത്ര ഗാനത്തിന്റെ പശ്ചാതലത്തില്‍ വീഡിയോ ആയി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. കൂടെ വാട്‌സ്ആപ് സ്റ്റാറ്റസുമാക്കി. ഇതോടെ പരാതി വന്നതാണ് പോലീസിന് കേസെടുക്കേണ്ടി വന്നത്.
പിടിയിലായയാള്‍ ബോംബുണ്ടാക്കാന്‍ പരിശീലിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശക്തി കുറഞ്ഞ ബോംബുണ്ടാക്കി പരീക്ഷിക്കുകയായിരുന്നു. ധനുഷ് ബോംബുണ്ടാക്കുന്നത് മറ്റൊരു ആര്‍. എസ്. എസുകാരനായ അശ്വിനാണ് വീഡിയോയില്‍ പകര്‍ത്തിയത്.