Sorry, you need to enable JavaScript to visit this website.

രക്ഷകനായി മൂസാവതാരം

ബൈബിളിലെ മോസസാണ് ഖുർആനിലെ മൂസ. ഫറോവയുടെ ദുർഭരണത്തിൽ പൊറുതിമുട്ടിയ ഇസ്രാഈല്യരെ രക്ഷിക്കാൻ അവതരിച്ച പ്രവാചകൻ. വോൾവോഗ്രാദിലെ ലോകകപ്പ് കളിക്കളത്തിലിന്ന് നൈജീരിയക്ക് രക്ഷകനായി മൂസയും മോസസും ഒന്നിച്ച് അവതരിച്ചു. ഐസ്‌ലാന്റിനെ രണ്ടു ഗോളിന് തകർത്ത് ആഫ്രിക്കയിലെ സൂപ്പർ കഴുകന്മാർ ലോകകപ്പിലെ സാധ്യതകൾ സജീവമാക്കിയപ്പോൾ അഹ്മദ് മൂസ എന്ന 25കാരൻ ഇന്നീ നിമിഷം ലോകത്ത് ഏറ്റവുമധികം സ്‌നേഹിക്കപ്പെടുന്ന നൈജീരിയക്കാരനായി മാറുകയും ചെയ്തു.
ഗോൾക്ഷാമം നേരിടുന്ന ഈ ലോകകപ്പിൽ മനോഹര ഗോളുകൾക്കുവേണ്ടിയുള്ള മോഹം അത്യാഗ്രഹമായി മാറിയ സമയത്താണ് രണ്ട് കിണ്ണംകാച്ചി, കിടിലൻ, തകർപ്പൻ, കരുത്തൻ, ബൊംബാസ്റ്റിക് ഗോളുകളുമായി അഹ്മദ് മൂസയുടെ അവതാരപ്പിറവി. അർജന്റീനയെ സമനിലയിൽ തളച്ചതിന്റെ ആവേശത്തിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവശ്യമായ ജയത്തിനായി ഐസ്‌ലാന്റുകാർ കൈമെയ് മറന്ന് പൊരുതുമ്പോഴായിരുന്നു മോസസിന്റെ ക്രോസിൽ നിന്നുള്ള മൂസയുടെ വെടിയുണ്ട ഗോൾ. തിരിച്ചുവരാനുള്ള യൂറോപ്യരുടെ ശ്രമങ്ങൾക്കിടെ കരുത്തും കണക്കുകൂട്ടലും കവിതയും ചാലിച്ച വന്യഭംഗിയുള്ള മറ്റൊരു ഗോളിലൂടെ അയാൾ തന്നെ കളിയുടെ വിധി കുറിക്കുകയും ചെയ്തു.


അർജന്റീനയെ വരിഞ്ഞുമുറുക്കിയ ഐസ്‌ലാന്റ് ആയിരുന്നില്ല ഇന്ന് മൈതാനത്ത്. 4-4-2 ശൈലിയിൽ തുടങ്ങിയ അവർ വിജയം തീവ്രമായി ആഗ്രഹിക്കുന്ന കളിയാണ് കളിച്ചത്. രണ്ട് അറ്റാക്കർമാരെ മുന്നിൽ നിർത്തിയുള്ള കളിക്ക് മിഡ്ഫീൽഡർമാരായ സൈഗുഡ്‌സന്റെയും ഗുണാർസന്റെയും കയ്യയഞ്ഞ സഹായമുണ്ടായിരുന്നു. വശങ്ങളിൽ നിന്ന് ഗോൾമുഖത്തേക്ക് തൂങ്ങിയിറങ്ങിയ ക്രോസുകൾ മൂന്നംഗ നൈജീരിയൻ ഡിഫൻസിനെയും ഗോൾകീപ്പർ ഉസോഹോയെയും വിഷമിപ്പിച്ചു. എതിരാളികൾ ആക്രമിക്കുമ്പോൾ ഐസ്‌ലാന്റ് ആറു പേരെ ബോക്‌സിലേക്കു വിളിച്ച് കോട്ടകെട്ടി.
3-5-2 എന്ന ശൈലിയിലുള്ള നൈജീരിയൻ പടയൊരുക്കത്തിൽ ജോൺ ഓബി മൈക്കലിനായിരുന്നു മൈതാനമധ്യത്തുനിന്ന് നിയന്ത്രിക്കാനുള്ള ചുമതല. മുൻനിരയിൽ ഇഹ്യാനച്ചോയും മൂസയും. വശങ്ങളിൽ നിന്ന് മോസസിന്റെയും ഇഡോവുവിന്റെയും സഹായങ്ങൾ. പിന്നിലുള്ള മൂന്നുപേരെ സഹായിക്കലും പന്തുമായി മുന്നോട്ടുകയറി പടനയിക്കലും എതിരാളികളിൽ നിന്ന് വീണ്ടെടുക്കലുമൊക്കെയായി മൈക്കലിന് നല്ല തിരക്കായിരുന്നു. ഉയരക്കാരായ ഐസ്‌ലാന്റ് ആക്രമണകാരികളെ തടഞ്ഞുനിർത്താൻ മൂന്നംഗ പ്രതിരോധം നന്നായി കഷ്ടപ്പെടുന്നുണ്ടായിരുന്നു. ഇരുഗോൾ മുഖത്തും അവസരങ്ങളുണ്ടായെങ്കിലും എവിടെയും പന്തുകയറാതെ ആദ്യപകുതി അവസാനിച്ചു.
ഇടവേളക്കു ശേഷം ഐസ്‌ലാന്റ് കളിയൊന്ന് മാറ്റിപ്പിടിച്ച പോലെ തോന്നി. കാത്തിരുന്ന് പ്രത്യാക്രമണം നയിക്കുന്നതിനു പകരം വശങ്ങളിലൂടെ ആക്രമിക്കാൻ അവർ തുനിഞ്ഞിറങ്ങിയപ്പോൾ നൈജീരിയൻ ബോക്‌സ് വിറകൊണ്ടു. ഏതുനിമിഷവും ഐസ്‌ലാന്റ് കളിയിൽ വഴിത്തിരിവുണ്ടാക്കുമെന്ന് തോന്നിച്ച നിമിഷങ്ങൾ. പക്ഷേ, ചില്ലിട്ടു വെക്കേണ്ടത്ര കുറ്റമറ്റ കൗണ്ടർ അറ്റാക്കിങ്ങിലൂടെ, ആരെയും അമ്പരപ്പിക്കുന്ന അതിന്റെ തകർപ്പൻ ക്ലൈമാക്‌സിലൂടെ നൈജീരിയ ഗോളടിച്ചു. അതൊരു ഒന്നൊന്നര ഗോളായിരുന്നു. ഒരുപക്ഷേ, ഉത്ഭവം മുതൽ പരിശോധിക്കുമ്പോൾ ഈ ടൂർണമെന്റിലെ മികച്ചത്.
നൈജീരിയൻ ഗോൾ ഏരിയയിലെ ഐസ്‌ലാന്റിന്റെ ത്രോ ഇന്നിൽ നിന്നാണത് തുടങ്ങിയത്. നൈജീരിയ വീണ്ടെടുത്ത പന്ത് മൈതാനമധ്യം വഴി വലതുഭാഗത്ത് വിക്ടർ മോസസിലേക്ക്. പന്തുമായി കുതിച്ചോടിയ മോസസ് ബോക്‌സിന്റെ തൊട്ടരികിൽ വെച്ച് പന്ത് ക്രോസ് ചെയ്യുന്നു. കളി കാണുന്ന നമ്മളും ഐസ്ലാന്റ് കളിക്കാരുമെല്ലാം കരുതുന്നത് ആ ക്രോസ് ഇടതുവിങിൽ മാർക്ക് ചെയ്യപ്പെടാതെ ഓടിക്കയറുന്ന ഇറ്റിബോക്കാണെന്നാണ്. അതിനൊത്ത് അവർ പൊസിഷൻ ചെയ്യുന്നതിനിടെ വലതുവശത്ത് പന്ത് കാലിൽ കൊളുത്തിയിറക്കി മൂസയുടെ അഭ്യാസം. ഞെട്ടിത്തരിച്ചു നിൽക്കുന്ന ഡിഫൻസിന് പ്രതികരിക്കാൻ കഴിയുംമുമ്പ് ക്വിന്റൽ കണക്കിന് ഭാരമുള്ളൊരു ഷോട്ടും. ഗോൾകീപ്പർക്ക് വല്ലതും ചെയ്യാനാകും മുമ്പ് പന്ത് വലയിൽ.
ആ ഗോൾ കളിയാകെ മാറ്റി. ഐസ്‌ലാന്റിന് പൊറുതി നൽകാതെ തലങ്ങും വിലങ്ങും നിന്ന് നൈജീരിയ ആക്രമണം.

മോസസിന്റെയും എൻഡിഡിയുടെയും ലോങ് റേഞ്ചറുകൾ ഭീഷണിയയുർത്തി കടന്നുപോയപ്പോൾ മൂസയുടെ ഒരു ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി. സമയം നീങ്ങുന്നതിനനുസരിച്ച് സമ്മർദം കൂടിയ ഐസ്‌ലാന്റുകാർ ആക്രമിക്കുന്നതിനിടെ മൂസയുടെ വ്യക്തിഗത മികവ് വീണ്ടും. ഇത്തവണ ഇടതുവിങിൽ ഓമെറോവിന്റെ പാസ് സ്വീകരിച്ച് തന്നേക്കാൾ ബലിഷ്ഠനായ ഡിഫന്ററെ മറികടന്ന് ബോക്‌സിലേക്ക്. മുന്നോട്ടുകയറിയ ഗോൾകീപ്പറെ കബളിപ്പിച്ച് നിലത്ത് വീഴ്ത്തി ഗോളിനു മുന്നിലേക്ക്. ഗോൾവരയിൽ എന്തിനും തയ്യാറായി നിന്ന രണ്ട് ഡിഫന്റർമാർക്ക് അവസരം കൊടുക്കാതെ കണക്കുകൂട്ടിയുള്ളൊരു ഫിനിഷിങ്. കഥ കഴിഞ്ഞു. ഐസ്‌ലാന്റിനു ലഭിച്ച പെനാൽട്ടി അവർക്ക് തിരിച്ചുവരാനുള്ള അവസാനത്തെ പ്രതീക്ഷയായിരുന്നു. പക്ഷേ, സിഗൂർസന്റെ പരിചയ സമ്പത്ത് കൊണ്ട് കാര്യമുണ്ടായില്ല. പന്ത് ക്രോസ്ബാറിനു മുകളിലൂടെ പറന്നപ്പോൾ നൈജീരിയക്കാർ ആഘോഷം തുടങ്ങിയിരുന്നു.


ഇന്നലെ പുറത്താകുമെന്നുറച്ച അർജന്റീനക്കു കൂടിയാണ് മൂസയും കൂട്ടരും ഇന്ന് ജീവശ്വാസം പകർന്നത്. കഴിഞ്ഞ തവണ അർജന്റീനയുമായ കളിച്ചപ്പോൾ ഇതേ മൂസ രണ്ടു ഗോളടിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇരുകൂട്ടരും ഒരിക്കൽക്കൂടി ഏറ്റുമുട്ടുമ്പോൾ ആരുടെ കണ്ണീരാവും ആ മരണമത്സരം വീഴ്ത്തുക?

Latest News