പേരാമ്പ്ര, കോഴിക്കോട്- ചൊവ്വാഴ്ച ഉച്ച വരെ കഠിനമായ ഉഷ്ണം അനുഭവപ്പെട്ട പ്രദേശങ്ങളാണ് കോഴിക്കോട് നഗരവും ജില്ലയുടെ മറ്റു ഭാഗങ്ങളും. ഉച്ച മൂന്നിന് ശേഷം കളി മാറി. അത്തോളി, ഉള്ള്യേരി, നടുവണ്ണൂര്‍ മേഖലയിലെല്ലാം ശക്തമായ കാറ്റ് ആഞ്ഞു വീശി. തുടര്‍ന്ന് നാല് മണി മുതല്‍ അഞ്ച് മണി വരെ നേരത്ത് കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളിലെല്ലാം നന്നായി മഴ പെയ്തു. ഉഷ്ണത്തിന്റെ തീവ്രതയില്‍ വിഷമിച്ചു കഴിഞ്ഞിരുന്ന മനുഷ്യരുടെ മനസ്സും ശരീരവും തണുത്തു. പേരാമ്പ്ര ടൗണ്‍, പെരുവണ്ണാമുഴി അണക്കെട്ട്, കടിയങ്ങാട്, കുറ്റ്യാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സന്ധ്യ വരെ ശക്തമായ മഴ ലഭിച്ചു. വേനല്‍ മഴ മിക്ക സ്ഥലങ്ങളിലും ആശ്വാസം പകര്‍ന്നു. എന്നാല്‍ വടകര, കൊയിലാണ്ടി, കോഴിക്കോട് സിറ്റി തുടങ്ങിയ തീരദേശ പട്ടണങ്ങളില്‍ ചാറല്‍ മഴ മാത്രമാണ് ലഭിച്ചത്. നേരിയ മഴ പെയ്തതോടെ കോഴിക്കോടിന്റെ പല ഭാഗത്തും വൈദ്യുതി മുടങ്ങി. മഴ പെയ്‌തെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളിലും താപനില കുതിച്ചുയരുമോയെന്ന ആശങ്കയുമുണ്ട്.