Sorry, you need to enable JavaScript to visit this website.

VIDEO: പോയ് വരൂ... ഇന്ത്യക്കാര്‍ക്ക് സുഡാനി സുഹൃത്തുക്കളുടെ വികാരഭരിതമായ യാത്രയയപ്പ്... കപ്പല്‍ പത്തു മണിയോടെ ജിദ്ദയില്‍

ജിദ്ദ- സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ കപ്പല്‍ ഐ.എന്‍.എസ് സുമേധ പോര്‍ട്ട് സുഡാനില്‍നിന്ന് പുറപ്പെട്ടു. രാത്രി പത്തു മണിയോടെ കപ്പല്‍ ജിദ്ദയിലെത്തുമെന്നാണ് വിവരം. കുട്ടികളും സ്ത്രീകളുമടക്കം 278 യാത്രക്കാരാണ് കപ്പലിലുള്ളതെന്ന് നാവിക സേന വക്താവ് അറിയിച്ചു. സാധാരണ യാത്രക്കപ്പല്‍ സുഡാനില്‍നിന്ന് ജിദ്ദയിലേക്ക് 14 മണിക്കൂറാണ് എടുക്കുക. എന്നാല്‍ യുദ്ധക്കപ്പലായതിനാല്‍ സുമേധ  കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കും.
സൗദി സമയം മൂന്നു മണിയോടെയാണ് കപ്പല്‍ പുറപ്പെട്ടത്. ഖാര്‍ത്തൂമിലെ കണ്‍ട്രോള്‍ റൂമില്‍നിന്ന് പ്രത്യേക ബസുകളിലാണ് ഇന്ത്യക്കാരെ കപ്പലില്‍ എത്തിച്ചത്. കപ്പല്‍ പുറപ്പെടും മുമ്പ് ഇവര്‍ക്ക് വൈദ്യപരിശോധന നടത്തി. ഭക്ഷണവും നല്‍കി.
കഴിഞ്ഞ 10 ദിവസമായി ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് തങ്ങള്‍ കഴിഞ്ഞതെന്ന് തമിഴ്‌നാട്ടുകാരിയായ സോഫിയ പറഞ്ഞു. കപ്പലില്‍ കയറിയ ഉടന്‍ നിങ്ങള്‍ക്കെന്താണ് വേണ്ടത് എന്നാണ് ചോദിച്ചത്. ഭക്ഷണവും മറ്റ് സൗകര്യങ്ങളുമെല്ലാം ഒരുക്കിയിരുന്നു. ഇന്ത്യാ സര്‍ക്കാരിനോട് നന്ദി പറയാന്‍ വാക്കുകളില്ലെന്നും സോഫിയ പറഞ്ഞു. കപ്പലിന് പുറത്ത് ഇന്ത്യക്കാരുടെ സുഡാനി സുഹൃത്തുക്കള്‍ വികാരഭരിതരായാണ് ഇവരെ യാത്രയയച്ചത്. കെട്ടിപ്പുണര്‍ന്നും ആശംസ നേര്‍ന്നും അവര്‍ സുരക്ഷിത യാത്ര നേര്‍ന്നു.
സുഡാനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ഓപറേഷന്‍ കാവേരിയുടെ മേല്‍നോട്ട ചുമതലയുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍ ജിദ്ദയില്‍ സജ്ജമാക്കിയ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഉള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.
പോര്‍ട്ട് സുഡാനിലും ജിദ്ദയിലും അത്യാവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി മന്ത്രി പറഞ്ഞു. ഓപറേഷന്‍ കാവേരി ടീം സുസജ്ജമാണെന്നും ആദ്യ കപ്പല്‍ എത്തിച്ചേര്‍ന്നാലുടന്‍ അവരെ സ്വീകരിക്കുന്നതിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും അദ്ദേഹം പറഞ്ഞു.
16 മലയാളികളടക്കം 278 പേരാണ് ഐ.എന്‍.എസ് സുമേധയിലുള്ളത്. രണ്ടാമത്തെ കപ്പലായ ഐ.എന്‍.എസ് തേജില്‍ എത്രപേരുണ്ടാകുമെന്ന് വ്യക്തമായിട്ടില്ല. തേജ് ഏതാനും മണിക്കൂറുകള്‍ മുമ്പ് പോര്‍ട്ട് സുഡാനിലെത്തിയിട്ടുണ്ട്. അവശ്യമരുന്നുകളും മറ്റ് അവശ്യവസ്തുക്കളുമായാണ് തേജ് എത്തിയത്. കൂടുതല്‍ ഉദ്യോഗസ്ഥരുമുണ്ട്. ജിദ്ദയിലെത്തുന്ന ഇന്ത്യക്കാരെ താമസിപ്പിക്കാന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒരുക്കങ്ങളെല്ലാമായി. ഇതിനുവേണ്ടി ക്ലാസ്സുകള്‍ മാറ്റിവെച്ചിട്ടുണ്ട്. ജിദ്ദയില്‍നിന്ന് വിമാനങ്ങൡ ഇന്ത്യക്കാരെ നാട്ടിലേക്കയക്കും.

 

Latest News