Sorry, you need to enable JavaScript to visit this website.

ബ്രസീലിയൻ തിരിച്ചുവരവ്

കോസ്റ്ററിക്കയുടെ പ്രതിലോമ ഫുട്‌ബോളിനെ പ്രതിഭ കൊണ്ടും അത്യധ്വാനം കൊണ്ടും മറികടന്ന് ബ്രസീൽ നേടിയ വിജയത്തിൽ മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന്  ശക്തരായ എതിരാളികൾക്കെതിരെ മത്സരിക്കുമ്പോൾ സ്വന്തം ബോക്‌സിൽ മാത്രം കളിക്കാരെ വിന്യസിച്ച് ഒരു പോയിന്റെങ്കിലും നേടിയെടുക്കാമെന്ന കുതന്ത്രം പയറ്റുന്ന ടീമുകൾ കളിയെ മാത്രമല്ല, സ്വന്തം സാധ്യതകളെ കൂടിയാണ് കൊല്ലുന്നത്. രണ്ട്  നെയ്മർ നേടിയ രണ്ടാം ഗോൾ ആയിരിക്കും മിക്കവാറും ഗ്രൂപ്പിലെ സമവാക്യങ്ങളിൽ നിർണായകമാവുകയും ബ്രസീലിന് തുണയാകുന്നതും. മൂന്ന്  ഈ ലോകകപ്പിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും പ്രഹരശേഷിയുള്ള സംഘം ബ്രസീലാണ്; പ്രായോഗികതയേക്കാൾ ആക്രമണത്തിന് മുൻതൂക്കം നൽകുന്ന ടിറ്റേ ആ പ്രഹരശേഷിയുടെ വീര്യം കുറക്കുകയാണ്.


ഗ്രൂപ്പിലെ ഏറ്റവും ദുർബലരായ ടീമിനെതിരെ ഇറങ്ങുമ്പോൾ ബ്രസീലിന് ഇന്ന് ജയത്തിൽ കുറഞ്ഞ ഒന്നും ആവശ്യമായിരുന്നില്ല. സ്വിറ്റ്‌സർലന്റിനെതിരെ അവലംബിച്ച 4-3-3 ശൈലി തന്നെ ടിറ്റേ തുടർന്നപ്പോൾ റൈറ്റ് വിങ്ബാക്ക് പൊസിഷനിൽ ഡാനിലോക്ക് പകരം ഫാഗ്‌നർ വന്നു എന്നുമാത്രം. കുട്ടിന്യോ, നെയ്മർ, ജീസസ്, വില്ല്യൻ എന്നിവരടങ്ങുന്ന നാലംഗ സംഘം ഗോൾ ലക്ഷ്യമാക്കിയപ്പോൾ കാസമിറോയ്ക്കും പൗളിഞ്ഞോയ്ക്കുമായിരുന്നു മധ്യനിരയുടെ ചുമതല. (ഫലത്തിൽ ഇത് 4-2-4 ആയി അനുഭവപ്പെട്ടു). കോസ്റ്ററിക്ക ആവട്ടെ, 3-4-2-1 ശൈലിയിൽ ഇറങ്ങിയപ്പോൾ, കഴിഞ്ഞ മത്സരത്തിലേതു പോലെ അല്ല, എതിരാളികളെ ഗോളടിക്കാൻ അനുവദിക്കാതിരിക്കുകയാവും ലക്ഷ്യമെന്ന് വ്യക്തമായിരുന്നു.
പതിഞ്ഞ താളത്തിലാണ് ഇരുകൂട്ടരും തുടങ്ങിയത്. മൈതാനമധ്യത്തിൽ തമ്പടിച്ച ബ്രസീൽ എതിരാളികളുടെ ബലംപരീക്ഷിക്കുകയാണെന്ന് തോന്നി. ഇടക്കിടെ ആക്രമണങ്ങൾ നടത്തുന്നുണ്ടായിരുന്നെങ്കിലും കോസ്റ്ററിക്ക ബ്രസീലിന്റെ താരനിരയെ പേടിക്കാതെയാണ് ആദ്യഘട്ടത്തിൽ കളിച്ചത്. മാഴ്‌സലോയ്ക്കും മിറാൻഡക്കുമിടയിൽ വന്ന ആശയക്കുഴപ്പത്തിൽ അവർക്ക് സുവർണാവസരം ലഭിച്ചെങ്കിലും ഭാഗ്യം ബ്രസീലിന്റെ രക്ഷകനായി. മറുവശത്തും അവസരങ്ങൾ പിറന്നെങ്കിലും ക്ലിയർകട്ട് ആയിരുന്നില്ല. വലതുവിങിൽ പ്രതീക്ഷിക്കപ്പെട്ടതുപോലെ നെയ്മർ മാർക്ക് ചെയ്യപ്പെട്ടപ്പോൾ കുട്ടിന്യോക്ക് കയറിക്കളിക്കാനുള്ള സ്‌പേസ് ലഭിച്ചു.


അരമണിക്കൂറിനോടടുത്തപ്പോഴാണ്  കൃത്യമായി പറഞ്ഞാൽ 25 മിനുട്ടിനു ശേഷമാണ് ബ്രസീൽ കാര്യമായി ഭീഷണിയുയർത്തിത്തുടങ്ങിയത്. മൂന്ന് ഡിഫന്റർമാരും ഗോൾകീപ്പറുമൊഴികെ എല്ലാവരും ആക്രമണത്തിൽ പങ്കാളികളായപ്പോൾ പിടിച്ചുനിൽക്കാൻ കോസ്റ്ററിക്കൻ ഡിഫൻസ് പാടുപെട്ടു. അവർ സ്വന്തം ബോക്‌സ് പരിസരത്തേക്ക് ഒതുങ്ങിക്കൂടി. എന്നിട്ടും കെയ്‌ലർ നവാസ് കാര്യമായിത്തന്നെ പരീക്ഷിക്കപ്പെട്ടു. അതുവരെ കളിച്ചിരുന്ന ഭൂമിമാർഗം വിട്ട് എയർബോളുകൾ ബ്രസീൽ പരീക്ഷിക്കാൻ തുടങ്ങി. ഇടയ്ക്ക് കോസ്റ്ററിക്ക കൗണ്ടർ അറ്റാക്ക് നടത്താൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അതിന് ആവശ്യമായ അംഗബലം എതിർഹാഫിൽ ലഭിച്ചില്ല. മാത്രവുമല്ല ബ്രയാൻ റൂയിസ്, വെനേഗസ്, ഉറേന എന്നിവരുടെ മിന്നായങ്ങളെ കാസമിറോയും സിൽവയും മിറാൻഡയും കൈകാര്യം ചെയ്യുകയും ചെയ്തു.
ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമിറങ്ങിയപ്പോഴുള്ള ബ്രസീലിന്റെ ആക്രമണം ചാത്തനേറു പോലെയായിരുന്നു. ഒന്നിനുപിറകെ മറ്റൊന്നായി പോസ്റ്റിനു നേരെ ആക്രമണം വന്നപ്പോൾ കോസ്റ്ററിക്ക ശരിക്കും വിയർത്തു. കെയ്‌ലർ നവാസിന്റെ തകർപ്പൻ സേവുകളും ഒരുപാട് വേണ്ടിവന്നു. മാഴ്‌സലോയും നെയ്മറും ലിങ്ക് ചെയ്ത് തുടങ്ങിയപ്പോഴാണ് ബ്രസീൽ ശരിക്കും വിശ്വരൂപം പുറത്തെടുത്തത്. ക്ലബ്ബിൽ കളിക്കുമ്പോഴുള്ള തന്റെ സ്വതസിദ്ധമായ ശൈലിയിലേക്ക് മാഴ്‌സലോ വന്നില്ലെങ്കിലും മുൻനിരയിലേക്ക് പന്തെത്തിക്കുന്നതിൽ, പ്രത്യേകിച്ചും നെയ്മറെ കണ്ടെത്തുന്നതിൽ വിജയിച്ചു. പക്ഷേ, പതിനഞ്ചു മിനുട്ടോളം നീണ്ട ആ ത്വരിതാക്രമണവും ബ്രസീലിനെ തുണച്ചില്ല. നെയ്മറിന് പെനാൽട്ടി വി.എ.ആറിലൂടെ നിഷേധിക്കപ്പെട്ടതും അവർക്ക് തിരിച്ചടിയായി. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ കോസ്റ്ററിക്കയുടെ കളി സമനിലക്കു വേണ്ടി മാത്രമായി.
പൗളിഞ്ഞോക്കു പകരം ഫിർമിനോയെയും വില്ല്യനു പകരം ഡഗ്ലസ് കോസ്റ്റയെയും ഇറക്കിയത് നല്ല നീക്കങ്ങളായി. പൗളിഞ്ഞോ തന്റെ റോളിൽ മോശമില്ലാതെ കളിച്ചെങ്കിലും വില്ല്യൻ മുന്നേറ്റത്തിൽ ചേരാത്ത കണ്ണിയായാണ് പലപ്പോഴും അനുഭവപ്പെട്ടത്. ഫിർമിനോയുടെയും കോസ്റ്റയുടെയും വരവ് അവസാന നിമിഷ ആക്രമണങ്ങളിൽ ബ്രസീലിന് കരുത്ത് കൂട്ടുകയും ചെയ്തു.
അവസാന മിനുട്ടുകളിൽ കോസ്റ്ററിക്ക സമയം കൊല്ലുന്നത് കണ്ടപ്പോൾ തന്നെ ഒരു ഗോൾ മണത്തിരുന്നു. ബ്രസീലിന്റെ ആക്രമണവീര്യത്തെ തണുപ്പിക്കാനുള്ള തന്ത്രമായിരുന്നു ആ മുടക്കങ്ങൾ എന്നുതോന്നി. പക്ഷേ, ആറ് മിനുട്ട് ഇഞ്ചുറി ടൈം കിട്ടിയ ബ്രസീൽ ഗോളടിച്ചേ അടങ്ങൂ എന്ന വിധത്തിൽ തലങ്ങും വിലങ്ങും ആക്രമിച്ചു. കുട്ടിന്യോയിലൂടെ ലക്ഷ്യം കാണുകയും ചെയ്തു. ഇത്തരം സന്ദർഭങ്ങളിൽ ബ്രസീലിനെ പോലെ മൾട്ടി ടാലന്റഡ് ആയ ടീം എല്ലാം മറന്ന് പൊരുതുമ്പോൾ ഡിഫൻസിൽ പിഴവുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മാത്രവുമല്ല, കൗണ്ടർ അറ്റാക്കിന് പദ്ധതിയില്ല എന്നാവുമ്പോൾ എതിരാളികൾക്കത് മാനസിക ആധിപത്യവും നൽകുന്നു. 91-ാം മിനുട്ടിൽ ഗോൾ വീണതോടെ തന്നെ കളി ബ്രസീലിന്റെ കൈയിലായിക്കഴിഞ്ഞിരുന്നു. വ്യക്തമായ ആക്രമണ പദ്ധതി ഇല്ലാത്തതിനാൽ കോസ്റ്ററിക്ക തിരിച്ചടിക്കാനുള്ള സാധ്യതയും കുറവായിരുന്നു. എന്നിട്ടും അവർ കയറിക്കളിച്ചു. അതോടെ ഡിഫൻസിൽ വന്ന പിഴവിലൂടെ ഡഗ്ലസ് കോസ്റ്റ നെയ്മറിന് വഴിയൊരുക്കുകയും ചെയ്തു. ഏതായാലും ബ്രസീലിനെ വിഷമിപ്പിച്ചിട്ടേ കോസ്റ്ററിക്ക കീഴടങ്ങിയുള്ളൂ; അക്കാര്യത്തിന് പക്ഷേ, അന്തിമ വിശകലനത്തിൽ കാര്യമായ ഫലമുണ്ടാവില്ലെങ്കിലും.


ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്രസീലിന് കാര്യമായി അധ്വാനിക്കേണ്ടി വന്നിട്ടുണ്ട്. ഇന്നത്തേത് കുറച്ചുകൂടി കാൽക്കുലേറ്റഡ് ആയ ഗെയിം ആയി അനുഭവപ്പെടുകയും ചെയ്തു. കെയ്‌ലർ നവാസ് എന്ന മഹാമേരു (അയാൾ ഓർമിപ്പിച്ചത് 1998ലെ ഫ്രാൻസിനെതിരായ മത്സരത്തിലെ ജോസ് ലൂയിസ് ചിലാവർട്ടിനെ ആണ്) ഇല്ലായിരുന്നെങ്കിൽ അവർക്ക് സുരക്ഷിതമായി തന്നെ ജയിക്കാനുള്ള അവസരങ്ങളുണ്ടാകുമായിരുന്നു. അത്ര കഷ്ടപ്പെട്ടിട്ടും നവാസിന് സങ്കടത്തോടെ മടങ്ങാനായി വിധി. നാല് പോയിന്റായെങ്കിലും ബ്രസീലിന് ശ്വാസം വിടാൻ സമയമായിട്ടില്ല. ഇന്നു രാത്രി സ്വിറ്റ്‌സർലാന്റ് ജയിക്കാതിരുന്നാൽ സെർബിയയെ നേരിടുമ്പോൾ അവർക്ക് ടെൻഷൻ കുറയും. അതേസമയം, മൂന്ന് ടീമുകൾക്കും തുല്യപോയിന്റ് വന്നേക്കാവുന്ന സാഹചര്യവുമുണ്ട്. അങ്ങനെയെങ്കിൽ, നേരത്തെ പറഞ്ഞതുപോലെ ആ രണ്ടാം ഗോൾ ബ്രസീലിന് നിർണായകമാവും.

Latest News