തൃശൂർ - തിരുവിലാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ച സംഭവത്തിൽ ഫോറൻസികിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്. അപകടം നടക്കുമ്പോൾ ഫോൺ ചാർജിന് ഇട്ടിരുന്നില്ലെന്നും റെഡ്മി 5 പ്രോ മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചതെന്നും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഫോൺ അമിതമായി ചൂടായിരുന്നു. ഫോൺ പുതപ്പിനുള്ളിലായത് അപകടത്തിന്റെ ആഘാതം കൂട്ടി. പൊട്ടിത്തെറിച്ച മൊബൈലിന്റെ ബാറ്ററി വളഞ്ഞിരുന്നതായും ഫോറൻസിക് സംഘം പോലീസിനെ അറിയിച്ചു. പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി ശേഖരിച്ചതായും സംഘം വ്യക്തമാക്കി.
അപകടസമയത്ത് മകളും മുത്തശ്ശിയുമാണ് വീട്ടിലുണ്ടായിരുന്നതെന്ന് മരിച്ച എട്ട് വയസുകാരിയുടെ അച്ഛനും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറുമായ അശോക് കുമാർ പറഞ്ഞു. അപകട സമയത്ത് കുട്ടി പുതപ്പിനടിയിൽ കിടന്ന് ഗെയിം കളിക്കുകയായിരുന്നുവെന്ന് മുത്തശ്ശി പറഞ്ഞു. വലിയ പൊട്ടിത്തെറി കേട്ടാണ് താൻ റൂമിലേക്ക് വന്നതെന്നും അപ്പോൾ മകൾ ചോരയിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും മുത്തശ്ശി പറഞ്ഞു.
തിരുവിലാമല പട്ടിപ്പറമ്പ് കുന്നത്ത് വീട്ടിൽ അശോക് കുമാറിന്റെയും തിരുവിലാമല സർവീസ് സഹകരണ ബാങ്ക് ഡയരക്ടർ സൗമ്യയുടെയും ഏക മകളും പുനർജനി ക്രെസ്റ്റ് ന്യൂ ലൈഫ് സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിനിയുമായ ആദിത്യശ്രീ(8)യാണ് ഇന്നലെ രാത്രി പത്തോടെ ഫോൺ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
മൊബൈൽ ഫോണിൽ വീഡിയോ കാണുന്നതിനിടെയായിരുന്നു അപകടം. ഉഗ്രശബ്ദത്തോടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. മുഖത്തും കൈക്കും ഗുരുതര പരുക്കേറ്റായിരുന്നു മരണം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.