പാറശാല-സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗസംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പാറശാല സ്വദേശിയായ പെണ്‍കുട്ടിയെയയാണ് വിവാഹവാഗ്ദാനം നല്‍കി കേസിലെ പ്രധാനപ്രതിയായ ആലുവ ചൊവ്വര വെള്ളാരപ്പള്ളി ഹൗസില്‍ അജിന്‍സാം (23) പീഡിപ്പിച്ചത്.പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ അജിന്‍സാമിന് എല്ലാ സഹായവും നല്‍കിയത് പെണ്‍സുഹൃത്തുക്കളായ കിഴക്കുംഭാഗം കാഞ്ഞൂര്‍ ഐക്കംപുറക്ക് പൂര്‍ണിമ നിവാസില്‍ പൂര്‍ണിമ(21) വൈക്കംകായിപ്പുറത്ത് ശ്രുതി (25)എന്നിവരാണ്. കാലടി കിഴക്കാപുറത്ത് കുടിവീട്ടില്‍ അഖിലേഷ് (23) കിഴക്കുംഭാഗം കാഞ്ഞൂര്‍ കാച്ചപ്പള്ളി വീട്ടില്‍ ജെറിന്‍ (28) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
അജിന്‍ സാം ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പാറശാല കളിയിക്കാവിള സ്വദേശിയായ പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് ബന്ധം തുടരുകയായിരുന്നു. പ്രണയംകലശലായതോടെ ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിച്ചു. ഇതിന് മുന്നോടിയായി പരസ്പരം കാണാനായി ഇരുവരും തീരുമാനിച്ചു. തുടര്‍ന്ന് അജിന്‍സാം 17ന് രാത്രി നാലു സുഹൃത്തുക്കള്‍ക്കൊപ്പം രാത്രിയില്‍ പാറശാലയിലെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. നെയ്യാറ്റിന്‍കരയിലെ നക്ഷത്ര ഹോട്ടലിലെത്തി മുറിയെടുത്ത് അജിന്‍സാം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു, ഇത് തങ്ങളുടെ ആദ്യരാത്രിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയെ ഇത് പറഞ്ഞ് വിശ്വസിപ്പിക്കാന്‍ വേണ്ട എല്ലാ സഹായവും നല്‍കിയത് പൂര്‍ണിമയും ശ്രുതിയുമായിരുന്നു. പിറ്റേന്ന് പകലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു.
അടുത്തദിവസം രാത്രി കാമുകനും സംഘവും പെണ്‍കുട്ടിയെ തിരികെ കളിയിക്കാവിളയില്‍ കൊണ്ടുവിട്ടു, പിന്നീട് അജിന്‍സാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം വീട്ടില്‍ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ പാറശാല പൊലീസില്‍ നല്‍കിയ പരാതിയിലാണ് പ്രതികളെ എറണാകുളം കാലടിയില്‍ നിന്ന് അറസ്റ്റു ചെയ്തത്.