ആരൊരാളെൻ കുതിരയെ കെട്ടുവാൻ
ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാം
ഇക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ!
ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ
പച്ചമണ്ണിൻ മനുഷ്യത്വമാണുഞാൻ.
കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് വിജയം കലാസാംസ്‌കാരിക പരിപാടിയിൽ പ്രസംഗം നവ്യാനായർ അവസാനിപ്പിച്ചത് വയലാറിന്റെ ഈ കവിതാശകലം ചൊല്ലിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയാണ് നവ്യാനായർ ഈ കവിത ചൊല്ലിയത്. പിണറായി വിജയനുമായുള്ള ആത്മബന്ധം നവ്യാനായർ വ്യക്തമാക്കുകയും ചെയ്തു. പിണറായി വിജയനെ കൈരളി ചാനലിന് വേണ്ടി ഇന്റർവ്യൂ ചെയ്തപ്പോൾ ഈ കവിത ചൊല്ലിയാണ് അവസാനിപ്പിച്ചതെന്നും നവ്യ ആ പരിപാടിയിൽ പറഞ്ഞു. ഇതേ നവ്യ ഇന്നലെ കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുവം പരിപാടിയിൽ നൃത്തവും അവതരിപ്പിച്ചു. ഏതാണ് നവ്യയുടെ രാഷ്ട്രീയം എന്ന ചോദ്യമാണ് നിലവിൽ സോഷ്യൽ മീഡിയയിൽ മുഴങ്ങുന്നത്. കഴിഞ്ഞ മാസമാണ് മുനിമാർ മനുഷ്യരുടെ ആന്തരിക അവയവങ്ങൾ പുറത്തെടുത്ത് കഴുകി ഉള്ളിൽ തന്നെ വെക്കുമെന്ന് നവ്യ ഒരു ടി.വി ഷോയിൽ പറഞ്ഞത്.
കണ്ണൂരിൽ നടന്ന വിജയം പരിപാടിയിൽ നവ്യ പറഞ്ഞത് ഇങ്ങിനെ.
പിണറായി വിജയനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കൈരളി ടി.വിയിൽ ഇന്റർവ്യൂ ചെയ്യാൻ എനിക്കൊരു ഭാഗ്യമുണ്ടായി. ഇന്റർവ്യൂ ഒന്നും ചെയ്തു മുൻപരിചയമില്ലാത്ത എനിക്ക് ടെൻഷനായിരുന്നു. എന്താണ് ചോദിക്കേണ്ടത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്നൊക്കെ. നീ സാധാരണ എന്തെങ്കിലും സംസാരിക്കുന്നപോലെ വിജയേട്ടനോട് സംസാരിച്ചാൽ മതി എന്ന് കണ്ണൂർ ഭാഷയിൽ ആശ്വസിപ്പിച്ചത് കമലാന്റിയാണ്. ആ ഇന്റർവ്യൂ ഏറ്റവും വലിയൊരു അനുഭവമായിരുന്നു അന്ന് ഞാനാ ഇന്റർവ്യൂ അവസാനിപ്പിച്ചത് വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ചില വരികൾ കൊണ്ടാണ്.
പിണറായി വിജയൻ എന്ന സഖാവ് ഏവർക്കും കൂടെയുള്ള സുഹൃത്താണ്. സഖാവ് എന്ന് പറയുമ്പോൾ കൂടെയുള്ള സുഹൃത്ത് എന്നാണ് . ജനങ്ങളോടൊപ്പം ഉള്ള സുഹൃത്തിനെപോലെ കൂടെയുള്ള വ്യക്തിയാണ് എന്നും നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി. സഖാവ് പിണറായി വിജയൻ ബഹുമാന്യനായ മുഖ്യമന്ത്രി ,സഖാവ് പിണറായി വിജയൻ എന്നൊക്കെ പറയുമ്പോൾ അദ്ദേഹത്തിൻറെ സ്ഥാനമാനങ്ങൾക്ക് അപ്പുറത്ത് വാത്സല്യത്തോടെയും സ്നേഹത്തോടെയും ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിട്ടുള്ള മുഖമാണ് എൻറെ മനസ്സിലേക്ക് ഓർമ്മവരുന്നത്.
മുഖ്യമന്ത്രി ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ്. എല്ലാ ശാരീരിക അസ്വാസ്ഥ്യങ്ങളും മറന്ന് സഹപ്രവർത്തകർക്ക് വേണ്ടി കർമ്മനിരതനായ അദ്ദേഹത്തിന് മേൽക്കുമേൽ എല്ലാ ഐശ്വര്യങ്ങളും ആരോഗ്യവും വിജയാശംസകളും സ്നേഹത്തോടെ അർപ്പിക്കുന്നുവെന്നും നവ്യാനായർ പറഞ്ഞു.
അതേസമയം, ഇന്നലെ കൊച്ചിയിൽ നടന്ന യുവം പരിപാടിയിൽ സംഘ്പരിവാർ പക്ഷത്തുള്ള സിനിമാ പ്രവർത്തർക്കൊപ്പമാണ് നവ്യാനായരും പങ്കെടുത്തത്. നേരത്തെ പിണറായി വിജയനും സി.പി.എമ്മിനുമൊപ്പം നിന്നിരുന്ന നവ്യയുടെ പുതിയ മാറ്റവുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും കമന്റുകളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
യുവം പരിപാടിക്ക് എത്തിയ മോഡിയുടെ കാലിൽ വണങ്ങിയാണ് നവ്യ സ്വീകരിച്ചത്. 'യൂത്ത് കോൺക്ലേവ് ആയതിനാൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപാട് പരിപാടി പരിപാടിയിൽ ഉണ്ടെന്നും തീർച്ചയായിട്ടും പ്രധാനമന്ത്രിയുടെ കൂടെ ഇത്തരമൊരു പരിപാടി പങ്കിടാൻ പറ്റിയതിൽ വലിയ സന്തോഷമുണ്ടെന്നും നടി അപർണ ബാലമുരളി പറഞ്ഞു. ഇത്തരം പരിപാടികൾ വളരെ അത്യാവശ്യമാണെന്നും അപർണ ബാലമുരളി ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ നിന്നും രാജിവെച്ച് ബി.ജെ.പിയിലെത്തിയ അനിൽ ആന്റണിയും യുവം പരിപാടിയിൽ സജീവമായിരുന്നു. കേരളത്തിലെ അനിൽ ആന്റണി പങ്കെടുക്കുന്ന ആദ്യ ബിജെപി പരിപാടി കൂടിയായിരുന്നു യുവം. 'ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോഡിജിയുടെ കൂടെ അണിനിരന്ന് മോഡിക്കു വേണ്ടി പ്രവർത്തിക്കും. അടുത്ത 125 വർഷത്തിനുള്ളിൽ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുക, അതുപോലെ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ ഒരു വിശ്വഗുരുവാക്കുക എന്ന മോഡിജിയുടെ ദീർഘ വീക്ഷണത്തിന് വേണ്ടി കേരളത്തിലെ യുവതി യുവക്കാൾ പൂർണമനസോടെ അദ്ദേഹത്തിനൊപ്പം അണിനിരക്കും.' - അനിൽ ആന്റണി പറഞ്ഞു.