തിരുവനന്തപുരം - സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ ട്രാഫിക് പരിഷ്‌കരണത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഭരണപക്ഷ എം.എല്‍.എയായ കെ.ബി.ഗണേഷ് കുമാര്‍. ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ അടപ്പിക്കുന്നതിനായി കഴിഞ്ഞ ദിവസം ആധുനിക എ ഐ ക്യാമറകള്‍ റോഡുകളില്‍ സ്ഥാപിച്ചിരുന്നു. ഇരുചക്ര വാഹനങ്ങളില്‍ മാതാപിതാക്കള്‍ക്കൊപ്പം ചെറിയ കുട്ടികളെപ്പോലും കൊണ്ടു പോകാന്‍ കഴിയാത്ത രീതിയില്‍ സര്‍ക്കാര്‍ നിയമം കര്‍ശനമാക്കിയിരുന്നു. ഇതിനെതിരെയാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. നിയമം നടപ്പിലാക്കുന്നവര്‍ക്ക് കാറ് വാങ്ങാന്‍ പൈസ കാണും. എന്നാല്‍ സാധാരണക്കാര്‍ക്ക് അതില്ലെന്നത് നിയമം നടപ്പാക്കുന്നവര്‍ ഓര്‍ക്കണം. എല്ലാവര്‍ക്കും കാറ് വാങ്ങാന്‍ പാങ്ങില്ലെന്നും എം എല്‍ എ പറഞ്ഞു. ഭാര്യക്കും ഭര്‍ത്താവിനുമൊപ്പം കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോകുന്നതിന് ഫൈന്‍ അടിക്കുന്നത് ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു. പ്രായോഗികമല്ലാത്ത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് വലിയ അപകടങ്ങള്‍ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നത് ഒരു മാസത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ട്.