തിരുവനന്തപുരം - മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ വകുപ്പുതല അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. ഹൈക്കോടതി നിര്‍ദേശാനുസരണം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസിന്റെ എഫ്.ഐ.ആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ സംഭവത്തില്‍ പോലീസ് കേസെടുത്തത് സാങ്കേതികമായി ശരിയല്ലെന്ന വിലയിരുത്തലോടെയാണ് എഫ്.ഐ.ആര്‍ റദ്ദാക്കിയത്.സാങ്കേതിക പിഴവുകള്‍ നീക്കി പുതിയ നടപടികളുമായി മുന്നോട്ടു പോകുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.