ജിദ്ദ - ദീര്‍ഘദൂര രാത്രിയാത്രകള്‍ പലപ്പോഴും അപകടത്തിന്റെ സഹചാരികളാണ്. ദീര്‍ഘമായ ഡ്രൈവിംഗ് ഉണ്ടാക്കുന്ന ക്ഷീണവും മയക്കവുമാണ് മിക്കപ്പോഴും വില്ലനാകുന്നത്. അവധിക്കാല യാത്രകളില്‍ ഇത് പ്രത്യേകിച്ചും പ്രകടമാകാറുണ്ട്.
ചെറിയ പെരുന്നാള്‍ അവധിക്ക് യാത്രപോകുന്നവര്‍ പലപ്പോഴും ഇത്തരം അപകടങ്ങളില്‍ പെടാറുണ്ട്. നോമ്പെടുത്തതിന്റെ ക്ഷീണം മാറും മുമ്പെ വരുന്ന യാത്രകള്‍ അപകടത്തിന് കാരണമാകുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ റിയാദിനടുത്തുണ്ടായ അപകടവും ഇങ്ങനെയാണ്. ജിദ്ദയില്‍നിന്ന് വരുന്ന കുടുംബം യാത്രക്കിടെ ഉറങ്ങിപ്പോകാതിരിക്കാന്‍ കൂട്ടിന് പോയതാണ് അപകടത്തില്‍പെട്ട കാര്‍. റിയാദില്‍നിന്ന് ഇവര്‍ ജിദ്ദ റൂട്ടില്‍ സഞ്ചരിച്ച്, ജിദ്ദയില്‍നിന്നെത്തിയ കാറിന് അകമ്പടിയായി റിയാദിലേക്ക് തിരിച്ചുപോകുകയായിരുന്നു. ഈ കാറില്‍ ചിലര്‍ മാറിക്കയറിയിരുന്നു. ഇവരാണ് അപകടത്തില്‍പെട്ടത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണമെന്ന് സൂചനയുണ്ട്.