നിലമ്പൂർ-മയക്കുമരുന്നു കേസിൽ പ്രതിയായ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലുള്ളയാൾ കുറ്റം സമ്മതിച്ചതായി സൂചന. ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ രണ്ടു പേരെ കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നുണ്ട്. ഇതിലൊരാളാണ് പ്രതിയെന്നാണ് സൂചന. മറ്റെയാളെ വിട്ടയച്ചിട്ടുണ്ട്. പ്രതിയെന്നു കരുതുന്ന ആൾ എടവണ്ണ മുണ്ടേങ്ങര സ്വദേശിയാണ്.
വെടിയേറ്റു മരിച്ച റിദാൻ ബാസിലിനെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്നാണ് വിവരം. തുടർച്ചയായ ചോദ്യം ചെയ്യലിൽ താനാണ് കുറ്റം ചെയ്തതെന്നു ഇയാൾ സമ്മതിച്ചതായി വിവരമുണ്ടെങ്കിലും കൊലക്ക് പ്രേരിപ്പിച്ച സംഭവങ്ങളോ മറ്റേതെങ്കിലും കൂട്ടുപ്രതികളെ കുറിച്ചോ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതിനിടെ കൊല്ലാനുപയോഗിച്ച് തോക്ക് പുഴയിൽ ഉപേക്ഷിച്ചതായി കസ്റ്റഡിയിലുള്ളയാൾ പോലീസിന് മൊഴി നൽകിയതായും സൂചനയുണ്ട്. ഇയാളുടെ മൊഴിയനുസരിച്ച് ഞായറാഴ്ച പോലീസ് പുഴയിൽ പരിശോധന നടത്തിയിരുന്നു. കസ്റ്റഡിയിലുള്ളയാൾ കുറ്റം ചെയ്തത് സംബന്ധിച്ച് തെളിയിക്കാനാവുന്ന വിവരങ്ങൾ ലഭ്യമായാലേ അറസ്റ്റു പോലെയുള്ള കാര്യങ്ങളിലേക്ക് പോലീസ് കടക്കുകയുള്ളൂ. അതിനുള്ള ഒരുക്കത്തിലാണ് പോലീസ്. ലഹരിക്കടത്തുമായി ബന്ധമുള്ളവരെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്. ലഹരി കടത്ത് കേസുമായി ബന്ധപ്പെട്ട് ഏതാനും നാൾ മുമ്പാണ് റിദാൻ ജയിലിൽ നിന്നിറങ്ങിയത്. ലഹരി കേസിൽ തന്നെ ചിലർ കുടുക്കിയതാണെന്ന വിശ്വാസമാണ് റിദാനുണ്ടായിരുന്നത്. ഏറെ സങ്കീർണത നിറഞ്ഞ കേസിന്റെ ചുരുളഴിക്കാനുള്ള നീക്കത്തിലാണ് പോലീസ്. നാടിനെ നടുക്കിയ സംഭവം മൂന്നു ദിവസം പിന്നിടുമ്പോഴും അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലീസ് നടപടി വൈകുകയാണ്. എസ്പി ഉൾപ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികൾ മുന്നോട്ടു പോകുന്നത്.