കാസർകോട്- ഉദുമ പള്ളത്ത് വച്ച് മയക്കുമരുന്ന് കച്ചവടത്തിനിടയിൽ പിടിയിലായ നാലംഗസംഘത്തിന് എം.ഡി.എം.എ മയക്കുമരുന്ന് കൈമാറിയത് ആഫ്രിക്കൻ സ്വദേശികളാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ചട്ടഞ്ചാലിലെ അബൂബക്കർ(37), ഭാര്യ ആമിന അസ്റ(23) , കർണാടക സ്വദേശികളായ വാസിം(32), സൂരജ്(31) എന്നിവരെയാണ് 153 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ത്രേട്ട്(രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ബേക്കൽ ഡിവൈ.എസ്.പി സി.കെ സുനിൽകുമാറിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ യു.പി വിപിൻ, എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഉദുമ പള്ളത്തു വെച്ച് നാലുപേരെയും അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ താമസിക്കുന്ന ആഫ്രിക്കൻ വംശജരിൽ നിന്നും വില കൊടുത്ത് വാങ്ങിയ എം.ഡി.എം.എ മേൽപ്പറമ്പ് ഭാഗത്തുള്ള ഒരാൾക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദേശപ്രകാരം കാസർകോട് ജില്ലയിലുടനീളം മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ദമ്പതികൾ അടക്കമുള്ള മയക്കുമരുന്ന് കച്ചവട സംഘം പിടിയിലാകുന്നത്.