Sorry, you need to enable JavaScript to visit this website.

അബ്ദുറഹ്മാൻ സാഹിബിന്റെ പേരിനെതിരെ സംഘ്പരിവാർ പ്രതിഷേധം; മതേതര കക്ഷികൾ ഒന്നിക്കണമെന്ന് സി.പി.എം

കോഴിക്കോട്- കണ്ടംകുളത്തെ സ്വാതന്ത്ര്യജൂബിലി ഹാളിന് സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ പേരിടുന്നതിനെതിരെ  സംഘപരിവാർ സംഘടനകൾ നടത്തുന്ന വർഗീയ പ്രചരണത്തിനെതിരെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ ഒരുമിച്ച് പ്രതിഷേധമുയർത്തണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.  
ഇസ്്‌ലാമികവൽക്കരണമാണെന്ന പ്രചാരണം കോഴിക്കോടിന്റെയും വിശിഷ്യാ തളിയുടെയും മതനിരപേക്ഷ പാരമ്പര്യത്തെയും സംസ്‌കാരത്തെയുമാണ് അപമാനിക്കുന്നത്. തളിക്ഷേത്രവും മിശ്കാൽ പള്ളിയുമെല്ലാം കോഴിക്കോടിന്റെ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. തളിയുടെ പൈതൃകസംരക്ഷണത്തിനും വികസനത്തിനുമായി  എൽ.ഡി.എഫ് സർക്കാരും എം.എൽ.എയായിരുന്ന എ. പ്രദീപ് കുമാറും  മന്ത്രി പി.എ മുഹമ്മദ് റിയാസും നടപ്പാക്കിയ പദ്ധതികൾ തളിയിലെ വിശ്വാസി സമൂഹത്തിന് അറിവുള്ളതാണ്. തീർത്ഥാടന ടൂറിസത്തിന്റെ ഭാഗമായും പദ്ധതികൾ പുരോഗിക്കുന്നു.  ഇതെല്ലാം മറച്ചുപിടിച്ച് വിവാദവും വർഗീയ വിഭജനവും ഉണ്ടാക്കാനാണ് ജനം ടി.വിയും സംഘപരിവാരവും ശ്രമിക്കുന്നത്.
 ജൂബിലി ഹാളിന് മുഹമ്മദ് അബ്ദുറഹിമാന്റെ പേരിടുന്നത് ഇസ്്‌ലാമികവൽക്കരണമായി കാണാൻ വർഗീയ തിമിരം ബാധിച്ചവർക്കേ കഴിയൂ. ഇതിലൂടെ കുഞ്ഞാലിമരക്കാരെ സേനാധിപനായി വാഴിച്ച് പോർച്ചുഗൽ ആധിപത്യത്തിനെതിരെ പോരാടിയ സാമൂതിരിയെയാണ് അവഹേളിക്കുന്നത്. ഈ പ്രചാരണത്തിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിയണം.
 കേളപ്പനും മുഹമ്മദ് അബ്ദുറഹിമാനും കൃഷ്ണപിള്ളയുമെല്ലാം തളിക്ഷേത്ര പരിസരത്തെ വേർകോട്ട് ഹൗസിലിരുന്നാണ് മലബാറിൽ ദേശീയ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്. കോഴിക്കോടിന്റെ പാരമ്പര്യം ഹിന്ദു മുസ്്‌ലിം മൈത്രിയുടെയും കൊളോണിയൽ ശക്തികൾക്കെതിരായ യോജിച്ച പോരാട്ടത്തിന്റെതുമാണ്. സാമൂതിരിയും സയിദ് മഖ്ദൂമും മരക്കാർസേനയും ഒന്നിച്ച് നിന്ന പോരാട്ടത്തിന്റെ ചരിത്രമാണ്.
1930ൽ  നിയമലംഘന സമരങ്ങൾക്ക് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുറഹിമാനാണ്. കോഴിക്കോടും പയ്യന്നൂരും നടന്ന ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ബ്രിട്ടീഷ് പോലീസിന്റെ മർദ്ദനമേറ്റ വീരപുത്രന്റെ നാമം സ്വാതന്ത്യസമര ജൂബിലിഹാളിന് നൽകാനുള്ള കോർപറേഷൻ കൗൺസിൽ തീരുമാനം ഉചിതമാണെന്നും  പ്രസ്താവനയിൽ പറഞ്ഞു.
 

Latest News