Sorry, you need to enable JavaScript to visit this website.

വിജിലൻസിന്റെ കരുതൽ; ചീമേനിയിലെ നിഷ അരയേക്കർ ഭൂമിയുടെ അവകാശിയായി 

ഉദിനൂർ സുകുമാരൻ 

കാസർകോട്- ഏഴ് പതിറ്റാണ്ടായി ഉപയോഗിച്ച് വന്നിരുന്ന ഭൂമിയുടെ പട്ടയം ലഭിക്കുന്നതിന് കൈക്കൂലി നൽകാൻ കെട്ടുതാലി പണയപ്പെടുത്തേണ്ടിവന്ന ചീമേനി ഞണ്ടാടിയിലെ പി. നിഷക്ക് പോരാട്ടത്തിന് ഒടുവിൽ പട്ടയം കൈയിൽ കിട്ടിയതിന്റെ ആഹ്ലാദ നിമിഷത്തിന് തിങ്കളാഴ്ച കാസർകോട് ഭൂപരിഷ്‌ക്കരണ വിഭാഗം സ്പെഷ്യൽ തഹസിൽദാർ ഉദയകുമാറിന്റെ ഓഫീസും വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസും സാക്ഷിയായി. കൈക്കൂലി പിടികൂടിയ കേസിൽ ആദ്യമായി പട്ടയം ലഭ്യമാക്കിയതിന്റെ നിർവൃതിയിലായിരുന്നു വിജിലൻസ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സഹപ്രവർത്തകരും. കൈക്കൂലി കേസിൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടിയതിനാൽ ഇനി പട്ടയം കിട്ടില്ലെന്ന പലരുടെയും വാക്കുകൾ കേട്ട് ആശങ്കയിലായിരുന്ന നിഷയ്ക്കും സന്തോഷം മറച്ചുവെക്കാനായില്ല. വിജിലൻസ് പിടികൂടിയ ദിവസം തന്നെ ഇനി പട്ടയം കിട്ടില്ലേ സാറെ, എന്ന് നിഷ ഡിവൈ.എസ്.പിയോട് ചോദിച്ചിരുന്നു. നിഷയ്ക്ക് അർഹതപ്പെട്ടതാണെങ്കിൽ കിട്ടിയിരിക്കും എന്നാണ് അദ്ദേഹം മറുപടി നൽകിയത്. അതിന്റെ സാഫല്യം കൂടിയായി പട്ടയ വിതരണം.  വിജിലൻസ് അധികൃതരുടെ കരുതലിലും നടപടികളിലും ആശങ്കകൾ അസ്ഥാനത്താവുകയും തിങ്കളാഴ്ച രാവിലെ എത്തി അരയേക്കർ ഭൂമിയുടെ പട്ടയം നിഷ സ്പെഷ്യൽ തഹസിൽദാറിൽ നിന്ന് ഏറ്റുവാങ്ങുകയും ചെയ്തു. പട്ടയം വാങ്ങിയ ശേഷം വിജിലൻസ് ഓഫീസിലെത്തി ഡിവൈ.എസ്.പിക്കും സംഘത്തിനും നന്ദിപറഞ്ഞ ശേഷമാണ് നിഷ ചീമേനിയിലെ വീട്ടിലേക്ക് മടങ്ങിയത്. 2021 നവംബർ അഞ്ചിനാണ് നിഷയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ചീമേനി വില്ലേജ് ഓഫീസർ കെ. വി സന്തോഷിനെയും ഫീൽഡ് അസിസ്റ്റൻഡ് കെ. സി മഹേഷിനെയും വിജിലൻസ് കൈയ്യോടെ പിടിച്ചത്. മുക്കട പാലത്തിന് അടുത്ത പെരിങ്ങാര മന്ദച്ചംവയലിലെ 50 സെന്റ് സ്ഥലത്തിന് നിഷയുടെ അമ്മമ്മ മേലത്ത് വളപ്പിൽ ലക്ഷ്മി അമ്മയും അവരുടെ മകൻ നിഷയുടെ അച്ഛൻ കെ. നാരായണനും 20 വർഷമായി നികുതി അടച്ചുവരുന്നുണ്ട്. 70 കൊല്ലമായി കൈയിലുള്ള ഈ സ്ഥലത്തിന് പട്ടയം കിട്ടാൻ 2019 മുതൽ വില്ലേജ് ഓഫീസിൽ കയറുന്നുണ്ട് ഈ കുടുംബം. 2019 ൽ നികുതി അടച്ചതിന് ശേഷം കമ്പ്യൂട്ടറിൽ കയറ്റിയതിനാൽ അടക്കാൻ പറ്റില്ലെന്ന് പറഞ്ഞു. മറ്റു രേഖകളൊന്നും ഇല്ലാത്തതിനാൽ പട്ടയം കിട്ടാൻ ബുദ്ധിമുട്ടാകും, കാണേണ്ട പോലെ കണ്ടാൽ ശരിയാക്കി തരാമെന്നായിരുന്നു വില്ലേജ് ഓഫീസർ സന്തോഷ് നിഷയോടും അച്ഛനോടും പറഞ്ഞിരുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതനായ മകന്റെ ചികിത്സയടക്കം നടത്തി ജീവിക്കാൻ ദുരിതവഴികൾ താണ്ടുമ്പോൾ ആണ് വില്ലേജ് ഓഫീസറുടെ ഭാഗത്തുനിന്നും കരുണയില്ലാത്ത നടപടി ഉണ്ടായത്. ഒന്നര ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. കെട്ടുതാലി മാത്രമാണുള്ളതെന്ന് പറഞ്ഞപ്പോൾ എങ്കിൽ അത് വിറ്റിട്ട് 25000 രൂപയുമായി ചെല്ലാൻ പറഞ്ഞു. ധീരയായ നിഷ വിജിലൻസിനെ അറിയിച്ച ശേഷം 10000 രൂപയുമായി ചെന്നപ്പോൾ ആണ് വിജിലൻസിന്റെ പിടുത്തം വീണത്. വിജിലൻസ് കേസിൽ അകപെട്ടതോടെ ഇനി പട്ടയം കിട്ടില്ലെന്ന് പ്രചരിപ്പിക്കാനും നിഷയെ കുറ്റപ്പെടുത്താനും പലരുമുണ്ടായി. എന്നാൽ കാസർകോട് വിജിലൻസ് ഡിവൈ. എസ്.പി കെ വി വേണുഗോപാലൻ കേസിന്റെ വിശദവിവരം വച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. കാസർകോട് കളക്ട്രേറ്റിൽ നിന്നും വിവരം തേടിയ ചീഫ് സെക്രട്ടറി അന്വേഷണം നടത്താൻ ആവശ്യപ്പെട്ടു. ഭൂമി സംബന്ധിച്ച എല്ലാ കാര്യങ്ങളും വിജിലൻസ് ലാന്റ് ട്രിബ്യുണലിനെയും അറിയിച്ചു. തുടർന്നുള്ള നടപടികളെല്ലാം വേഗത്തിലായി. നിഷ ഭൂമിയുടെ നേരവകാശിയുമായി.
 

Latest News