വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറുകയാണ് ഫാഷിസം ആദ്യം ചെയ്യുന്ന പ്രവൃത്തികളിൽ ഒന്ന്. ഭക്ഷണത്തിൽ, മതത്തിൽ, വിശ്വാസത്തിൽ, ചിന്തകളിൽ എല്ലാം പിടിമുറുക്കി ഏകശിലാ രൂപത്തിലേക്ക് എല്ലാവരെയും നിർബന്ധപൂർവ്വവും അല്ലാതെയും എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കായിരിക്കും ഫാഷിസം യാത്ര ചെയ്യുക. സ്വന്തം ഇഷ്ടപ്രകാരം വിശ്വാസം മാറിയാലും മതത്തിൽനിന്ന് പോയാലും വന്നാലും ഫാഷിസം ആദ്യം ശബ്ദമുയർത്തും. അത്തരം ശബ്ദങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം കേരളത്തിൽനിന്നുള്ള ചില സംഘ്പരിവാർ ചാനലുകൾ തൊടുത്തുവിട്ടത്. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം മതം സ്വീകരിച്ച തൃശൂർ സ്വദേശി ആതിര മോഹൻ എന്ന ആയിശക്കും അവർ ജോലി ചെയ്യുന്ന ജിദ്ദയിലെ ക്ലിനിക്കിനും എതിരെ പെരുംനുണയുമായാണ് സംഘ്പരിവാർ ഫണ്ടോടെ പ്രവർത്തിക്കുന്ന ചാനലുകൾ രംഗത്തെത്തിയത്.
ജീവിതത്തിൽ അനുഭവിച്ച തിരിച്ചടികളിൽനിന്ന് മോചനം തേടിയാണ് താൻ ഇസ്ലാം സ്വീകരിച്ചതെന്ന് ആതിര എന്ന ആയിശ വ്യക്തമാക്കുന്നു. ഹിന്ദു കുടുംബത്തിൽ ജനിച്ച് ക്രിസ്ത്യൻ കുടുംബത്തിലേക്ക് വിവാഹത്തിലൂടെ പ്രവേശിച്ചുമാണ് ഞാൻ വളർന്നത്. ഈ രണ്ടുമതങ്ങളെയും ഇസ്ലാമിനെയും പറ്റി പഠിച്ചു. എനിക്ക് തോന്നിയത് ഇസ്ലാം സ്വീകരിക്കാനായിരുന്നു. അതു സ്വീകരിച്ചുവെന്ന് ഇന്നലെ ജിദ്ദയിൽ നടത്തിയ പത്രസമ്മേളനത്തിൽ ആതിര വ്യക്തമാക്കുകയും ചെയ്തു.
ജോലിക്കായി ജിദ്ദയെ തെരഞ്ഞെടുത്തതുപോലും സംശയത്തിന്റെ നിഴലിൽ നിർത്തിയാണ് സംഘ്പരിവാർ പ്രചാരണം നടത്തിയത്. നേരത്തെ അബഹയിൽ ജോലി ചെയ്തശേഷമാണ് ആതിര ജിദ്ദയിലെ അൽമാസ് ഐഡിയൽ മെഡിക്കൽ സെന്ററിൽ എക്‌റേ ടെക്‌നീഷ്യനായി ജോലി ചെയ്യാൻ തുടങ്ങിയത്. അബഹയിലെ ജോലിക്ക് ശേഷം രണ്ടു വർഷത്തോളം നാട്ടിൽ അവധിക്ക് പോയാണ് പുതിയ വിസയിൽ എത്തിയത്. പ്രണയത്തിലൂടെ വിവാഹം ചെയ്ത തന്റെ ഭർത്താവ് ബെന്നി ആന്റണി പീഡിപ്പിക്കുകയായിരുന്നു. ഇതോടെയാണ് വിവാഹമോചനത്തിന് ശ്രമിച്ചത്. ഇതിലെ പകയിലാണ് ബെന്നി ആന്റണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതെന്നും ആതിര വ്യക്തമാക്കുന്നു.
സ്വന്തം ഇഷ്ടപ്രകാരം മതവും പേരും മാറ്റുന്നതിനെ വൻ വിവാദമാക്കി, ആളുകളുടെ ഇടയിൽ വിദ്വേഷം ഉണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. ഇതിലെ ഏറ്റവും പുതിയ ഉദാഹരണമാണ് ആതിരയുടെ മതംമാറ്റവും അതിലെ വിവാദവും.